ഉപയോക്താക്കളിലേക്ക് ഉടൻ തന്നെ 4ജി ഇന്‍റർനെറ്റ് സേവനങ്ങൾ എത്തിക്കാൻ ഒരുങ്ങി ബി‌എസ്‌എൻ‌എൽ

ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സേവന കമ്പനിയായ ടിസിഎസുമായി പങ്കാളിത്തം ഉറപ്പിച്ച് ബി‌എസ്‌എൻ‌എൽ. ഉപയോക്താക്കളിലേക്ക് ഉടൻ തന്നെ 4ജി ഇന്‍റർനെറ്റ് സേവനങ്ങൾ എത്തിക്കാൻ ഒരുങ്ങുകയാണ് ബി‌എസ്‌എൻ‌എൽ ഇപ്പോൾ. ഇതിനായി
ടാറ്റ കൺസൾട്ടൻസി സർവീസസിന് (ടി‌സി‌എസ്) 2,903 കോടി രൂപയുടെ അഡ്വാൻസ് പർച്ചേസ് ഓർഡർ (എപി‌ഒ) ബി‌എസ്‌എൻ‌എൽ നൽകി. ഈ തുക ഉപയോഗിച്ച് ടിസിഎസ്, ബി‌എസ്‌എൻ‌എൽ ഉപയോക്താക്കൾക്കായുള്ള 4ജി ഇന്‍റര്‍നെറ്റ് സംവിധാനം തയ്യാറാക്കും. ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സേവന കമ്പനിയായ ടിസിഎസുമായുള്ള ഈ പങ്കാളിത്തം രാജ്യത്തുടനീളം 4ജി മൊബൈൽ നെറ്റ്‌വർക്ക് വ്യാപിപ്പിക്കാനുള്ള ബിഎസ്എൻഎല്ലിന്‍റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ്. ടിസിഎസുമായുള്ള മാസ്റ്റർ കോൺട്രാക്റ്റ് പ്രകാരം ടാറ്റ ഗ്രൂപ്പ് കമ്പനിയായ തേജസ് നെറ്റ്‌വർക്ക്സ്, ബിഎസ്എൻഎൽ 4ജി പ്രോജക്ടിനായി ഉപകരണങ്ങൾ വിതരണം ചെയ്യുകയും വിന്യസിക്കുകയും പരിപാലിക്കുകയും ചെയ്യുമെന്ന് പ്രത്യേക എക്സ്ചേഞ്ച് ഫയലിംഗിൽ സ്ഥിരീകരിച്ചു.

റേഡിയോ ആക്‌സസ് നെറ്റ്‌വർക്കിനും (RAN) അനുബന്ധ ഉപകരണങ്ങൾക്കുമുള്ള വിതരണത്തിന്‍റെ മൂല്യം നികുതികൾ ഒഴികെ ഏകദേശം 1,525.53 കോടി രൂപ ആയിരിക്കും. ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ടിസിഎസ് വിശദമായ ഓർഡറുകൾ പുറപ്പെടുവിക്കുമെന്നും കമ്പനി അറിയിച്ചു. ബിഎസ്എന്‍എല്ലിന്‍റെ 18,685 സൈറ്റുകളിൽ 4ജി മൊബൈൽ നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചറിന്‍റെ പ്ലാനിംഗ്, എഞ്ചിനീയറിംഗ്, വിതരണം, ഇൻസ്റ്റാളേഷൻ, ടെസ്റ്റിംഗ്, കമ്മീഷൻ ചെയ്യൽ, വാർഷിക അറ്റകുറ്റപ്പണി എന്നിവയുടെ ഉത്തരവാദിത്തം ടിസിഎസിന് പുതിയ എന്‍പിഒ പ്രകാരം ആയിരിക്കുമെന്ന് റെഗുലേറ്ററി ഫയലിംഗ് പറയുന്നു.

2023-ൽ ടിസിഎസിന്‍റെ നേതൃത്വത്തിലുള്ള ഒരു കൺസോർഷ്യം ഇന്ത്യയിലുടനീളം 4ജി നെറ്റ്‌വർക്ക് വിന്യാസത്തിനായി ബിഎസ്എൻഎല്ലിൽ നിന്ന് 15,000 കോടിയിലധികം രൂപയുടെ അഡ്വാൻസ് പർച്ചേസ് ഓർഡർ നേടിയിരുന്നു. അന്നത്തെ ഒരു പ്രധാന കരാറിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ പുതിയ ധാരണയും. RAN ഉപകരണങ്ങൾ വിതരണം ചെയ്തുകൊണ്ട് തേജസ് നെറ്റ്‌വർക്കുകൾ ആ കൺസോർഷ്യത്തിൽ പ്രധാന പങ്ക് വഹിച്ചു. രാജ്യത്ത് ഇതിനകം 84,000ത്തിലധികം 4ജി സൈറ്റുകള്‍ ബിഎസ്എന്‍എല്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2025 ജൂണ്‍ മാസത്തോടെ ഒരു ലക്ഷം 4ജി ടവറുകള്‍ പൂര്‍ത്തിയാക്കുകയാണ് ബിഎസ്എന്‍എല്ലിന്‍റെ ലക്ഷ്യം.

You cannot copy content of this page

Social media & sharing icons powered by UltimatelySocial