സുരേഷ് കുമാറിന്‍റെ കുടുംബത്തിന് 10 ലക്ഷം കൈമാറി, മക്കളുടെ പഠന ചെലവും ഏറ്റെടുക്കും


മൂന്നാർ കന്നിമലയിൽ കാട്ടാന ആക്രമണത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറായ സുരേഷ് കുമാര്‍ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് എൽഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താല്‍ പിൻവലിച്ചു. കെ ഡി എച്ച് വില്ലേജ് പരിധിയിലായിരുന്നു ഹര്‍ത്താൽ ആചരിച്ചിരുന്നത്. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സുരേഷ് കുമാറിന്റെ കുടുംബത്തിന് ധനസഹായം കൈമാറിയിട്ടുണ്ട്. 10 ലക്ഷം രൂപയാണ് കൈമാറിയത്. ഈ സാഹചര്യത്തിലാണ് ഹര്‍ത്താൽ പിൻവലിച്ചത്. സുരേഷ് കുമാറിന്‍റെ കുടുംബാംഗങ്ങൾക്ക് ജോലി നൽകുന്നതിന് വനം വകുപ്പ് ശുപാർശ ചെയ്യും. മക്കളുടെ പഠന ചിലവും പരിക്കേറ്റവരുടെ ചികിത്സാ ചിലവും വനം വകുപ്പ് ഏറ്റെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
കാട്ടാന ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ആര്‍ ആര്‍ ടി സംഘം വിപുലപ്പെടുത്തും. അക്രമകാരികളായ ആനകളെ മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ സി സി എഫിന് ശുപാർശ നൽകുമെന്നും വനം വകുപ്പ് അറിയിച്ചു. അതേസമയം, കോൺഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സുരേഷ് കുമാറിന്‍റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. അപകടത്തിൽ പരുക്കേറ്റ രണ്ടു പേർ മൂന്നാർ ടാറ്റാ ടീ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്. എസക്കി രാജ, ഭാര്യ റജീന എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി ആയിരുന്നു കാട്ടാന ആക്രമണം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: