മുംബൈ: പത്തുവയസ്സുകാരിയെ വേശ്യാവൃത്തിയിൽനിന്ന് രക്ഷപ്പെടുത്തി മഹാരാഷ്ട്ര പോലീസ്. ഖർഘറിലെ കൊപാർഗാവിൽ നിന്നുള്ള സ്ത്രീ തന്റെ 10 വയസ്സുകാരി മകളെ പണത്തിനായി ഒരു പ്രായമായ പുരുഷന്റെ അടുത്തേക്ക് അയക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് നവി മുംബൈ പോലീസിന്റെ മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തായത്.
അന്വേഷണത്തിനിടെ പെൺകുട്ടിയെ രക്ഷപ്പെടുത്തുകയും എഴുപത് വയസ്സുള്ള ഫറൂഖ് അല്ലൗദ്ദീൻ ഷെയ്ഖ് എന്ന വ്യക്തിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാൾ യഥാർത്ഥത്തിൽ ലണ്ടനിലെ താമസക്കാരനാണെന്ന് പോലീസ് വ്യക്തമാക്കി. കുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നു മനസ്സിലുണ്ടായിട്ടും ഇയാൾ മദ്യം കുടിപ്പിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി.
സംഭവവുമായി ബന്ധപ്പെട്ട് 30 വയസ്സുകാരിയായ പെണ്‍കുട്ടിയുടെ അമ്മയേയും എഴുപതു വയസ്സുകാരനായ വിദേശ ഇന്ത്യക്കാരനെയും അറസ്റ്റ് ചെയ്തു. ഷെയ്ഖ് അമ്മയ്ക്ക് രണ്ടര ലക്ഷം രൂപയും മാസാന്ത പണവും നൽകിയിരുന്നതായി പോലീസ് വ്യക്തമാക്കി. ഇരുവരെയും നവംബർ നാലാം തീയതി വരെ റിമാൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു. കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.
പണത്തിനായി 10 വയസ്സുകാരിയെ വേശ്യാവൃത്തിക്കയച്ചു; അമ്മയും 70 വയസ്സുകാരനും അറസ്റ്റിൽ

