വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് പതിനൊന്ന് വയസുകാരന് ദാരുണാന്ത്യം. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളിയിൽ ഇതരസംസ്ഥാന തൊഴിലാളിയുടെ മകൻ റാബുൽ ഹുസൈനാണ് മരിച്ചത്. അപകടത്തിൽ റാബുലിന്റെ സഹോദരനും പൊള്ളലേറ്റു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ആണ് സംഭവം.
മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളിയിലെ ജാതി തോട്ടത്തിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നുമാണ് കുട്ടിക്ക് ഷോക്കേറ്റത്. മരണപ്പെട്ട റാബുൽ ഹുസൈനും, സഹോദരനും ചേർന്ന് ആക്രി സാധനങ്ങൾ ശേഖരിക്കുന്നതിനിടെയാവാം അപകടം സംഭവിച്ചിരിക്കുക എന്നാണ് നിഗമനം. ഷോക്കേറ്റ ഉടൻ തന്നെ സഹോദരൻ സമീപത്തുള്ളവരെ വിവരമറിയിച്ചു.
തുടർന്ന് നാട്ടുകാരെത്തി റാബുൽ ഹുസൈനെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടത്തിൽ റാബുലിന്റെ സഹോദരന്റെ കാലിനും പൊള്ളലേറ്റിറ്റുണ്ട്. മൂവാറ്റുപുഴ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
