കാട്ടാക്കട: തലസ്ഥാനത്തെ സർക്കാർ സ്കൂളിലെ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുവന്ന് അരുവിക്കുഴിയിലെ വീട്ടിലെത്തിച്ച് മദ്യം കൊടുത്തു മർദ്ദിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതിക്ക് കഠിനതടവും പിഴയും. കാട്ടാക്കട അരുവിക്കുഴി മുരിതറ കൃപാലയത്തിൽ സ്വർണ്ണമ മകൾ സന്ധ്യയെയാണ്( 31) കാട്ടാക്കട അതിവേഗ പോക്സോ കോടതി വിവിധ വകുപ്പുകളിലായി 13 വർഷം കഠിനതടവും 50,000 രൂപ പിഴയും ജഡ്ജി എസ് .രമേഷ് കുമാർ വിധിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണം. പിഴത്തുകയൊടുക്കില്ലെങ്കിൽ 10 മാസം അധിക കഠിനതടവ് കൂടി അനുഭവിക്കണം.
2016 ലാണ് കേസിനാസ്പദമായ സംഭവം. സ്കൂളിൽ പഠിച്ചിരുന്ന അതിജീവിതയ്ക്ക് ഷോർട്ട് ഫിലിം നിർമ്മിക്കാൻ രൂപ നൽകാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചശേഷം കുട്ടൂകാരികളോടൊപ്പം ഓട്ടോറിക്ഷയിൽ കയറ്റി പ്രതിയുടെ വീട്ടിൽ എത്തിച്ചു അതിനുശേഷം കൂട്ടുകാരികളെ പുറത്തിരുത്തി അതിജീവിതയെ മുറിക്കകത്തു കൊണ്ടുപോയി ബലമായി മദ്യം കുടിപ്പിച്ചതിനു ശേഷം ലൈംഗികമായി ഉപദ്രവിക്കുകയും മർദ്ദിക്കുകയും ചെയ്തു. കൂട്ടുകാരികൾ ബഹളം വയ്ക്കുകയും നാട്ടുകാർ കൂടുകയും വിവരം പോലീസിനെ അറിയിക്കുകയുമായിരുന്നു.
പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ: ഡി.ആർ പ്രമോദ് ഹാജരായി. പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 25 സാക്ഷികളെ വിസ്തരിക്കുകയും 26 രേഖകളും 10 തൊണ്ടിമുതലുകൾ ഹാജരാക്കുകയും ചെയ്തു. ആ കാലയളവിൽ ഏറെ കോളിളക്കം ഉണ്ടാക്കിയ കേസാണിത്. കാട്ടാക്കട സബ് ഇൻസ്പെക്ടർ ഡി ബിജുകുമാർ, ഡി.വൈ.എസ്.പി. കെ അനിൽകുമാർ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
