Headlines

തോറ്റത് സ്മൃതി ഇറാനി ഉൾപ്പെടെ ബിജെപിയുടെ 14 കേന്ദ്ര മന്ത്രിമാർ

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ബിജെപിയുടെ 14 കേന്ദ്രമന്ത്രിമാരാണ് പരാജയപ്പെട്ടത്. അമേഠിയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പരാജയമാണ് ബിജെപിയെ ഞെട്ടിച്ചത്. രാഹുല്‍ മത്സരിക്കാന്‍ സന്നദ്ധനാകാതിരുന്നതോടെ, കോണ്‍ഗ്രസ് രംഗത്തിറക്കിയ കിഷോരിലാല്‍ ശര്‍മ്മയോടാണ് സ്മൃതി തോറ്റത്. കിഷോരിലാലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പുച്ഛിച്ച സ്മൃതി ഇറാനി ഒന്നര ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് പരാജയമടഞ്ഞത്.

ബിജെപി കേരളത്തില്‍ മത്സരത്തിനിറക്കിയ രണ്ടു കേന്ദ്രമന്ത്രിമാരും പരാജയപ്പെട്ടു. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിനും ആറ്റിങ്ങലില്‍ വി മുരളീധരനും ജയം കൈപ്പിടിയിലാക്കാനായില്ല. രണ്ടു മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. അതേസമയം അവസാന ലാപ്പു വരെ തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍ വിജയിക്കുമെന്ന പ്രതീതി നിലനിര്‍ത്തിയിരുന്നു. തോറ്റെങ്കിലും ആറ്റിങ്ങലില്‍ വി മുരളീധരനും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

കേന്ദ്ര കൃഷി മന്ത്രി അജയ് മുണ്ട ഖുന്തിയിലും കേന്ദ്രമന്ത്രി അജയ് മിശ്ര തേനി ലഖിംപൂര്‍ ഖേരിയിലും പരാജയപ്പെട്ടു. കൈലാഷ് ചൗധരി ( ബാര്‍മര്‍), സുഭാസ് സര്‍ക്കാര്‍ (ബങ്കുര), എല്‍ മുരുഗന്‍ ( നീലഗിരി), നിസിത് പ്രാമാണിക് ( കൂച്ച് ബിഹാര്‍), സഞ്ജീവ് ബല്യാണ്‍ ( മുസാഫര്‍ നഗര്‍), മഹേന്ദ്രനാഥ് പാണ്ഡെ ( ചന്ദൗലി), കൗശല്‍ കിഷോര്‍ ( മോഹന്‍ലാല്‍ ഗഞ്ച്), ഭഗവന്ത് ഖൂബ ( ബിദാര്‍), രാജ് കപില്‍ പാട്ടീല്‍ ( ഭിവാന്‍ഡി) തുടങ്ങിയവരാണ് പരാജയപ്പെട്ട മറ്റു ബിജെപി മന്ത്രിമാര്‍.

മുന്‍ കേന്ദ്രമന്ത്രി മേനക ഗാന്ധിയും പരാജയപ്പെട്ട പ്രമുഖരില്‍ ഉള്‍പ്പെടുന്നു. തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍, തമിഴ്‌നാട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ, കേരള ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പരാജയം നേരിട്ട ബിജെപി സ്ഥാനാര്‍ത്ഥികളില്‍പ്പെടുന്നു. 400 ലധികം സീറ്റെന്ന അവകാശവാദവുമായി തെരഞ്ഞെടുപ്പിന് ഇറങ്ങിയ ബിജെപിയ്ക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം തികയ്ക്കാനായില്ല. 240 സീറ്റുകളാണ് ബിജെപിക്ക് ഒറ്റയ്ക്ക് നേടാനായത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: