Headlines

14കാരന് നിപ സ്ഥിരീകരിച്ചു; സംസ്ഥാനത്ത് നടത്തിയ പരിശോധനാഫലം പോസിറ്റീവ്; മലപ്പുറത്ത് കണ്‍ട്രോള്‍ റൂം

കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പതിനാലുകാരന് നിപ സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ വൈറോളജി ലാബില്‍ പരിശോധിച്ചഫലമാണ് പുറത്തുവന്നത്. പൂനെയിലെ ഫലം പുറത്തുവന്ന ശേഷമെ ഇക്കാര്യം ഔദ്യോഗികമായി പറയാന്‍ കഴിയുകയുളളുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

മലപ്പുറം ചെമ്പ്രശ്ശേരി പാണ്ടിക്കാട് സ്വദേശിയായ പതിന്നാലുകാരനാണ് ചികിത്സയിലുള്ളത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയെ വിദഗ്ധചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സംസ്ഥാനത്ത് സാമ്പിളുകള്‍ എടുത്ത് നടത്തിയ പരിശോധനകള്‍ പോസിറ്റിവാണെന്ന് വീണാ ജോര്‍ജ് പറഞ്ഞു. പക്ഷെ നിപയാണെന്ന് സര്‍ട്ടിഫിക്കേറ്റ് ചെയ്യേണ്ടത് മാനദണ്ഡപ്രകാരം പൂനെയിലെ ലാബില്‍ നിന്നാണ്. ആ പരിശോധനാഫലത്തിനായി കാത്തിരിക്കുകയാണ്. നിപയാണെന്ന സംസ്ഥാനത്തെ പരിശോധനയുടെ അടിസ്ഥാനത്തില്‍ സ്വീകരിക്കേണ്ടതായ എല്ലാ നടപടി ക്രമങ്ങളും എടുത്തിട്ടുണ്ട്. നിപയ്ക്കുള്ള മരുന്നായ മോണോ ക്ലോണോ ആന്റിബോഡി പൂനെയില്‍ നിന്ന് നാളെ എത്തിക്കുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.

നിപ സ്ഥിരീകരിച്ച കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റും. ഇതിനായി മുപ്പത് റൂമുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ആശുപത്രിയുടെ മറ്റ് പ്രവര്‍ത്തനങ്ങളെ ബാധിക്കാതെയാണ് ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ ഐസൊലേഷനിലാക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നതായും മന്ത്രി പറഞ്ഞു.

ഭയം വേണ്ടെന്നും ജാഗ്രത തുടരണമെന്നും മന്ത്രി പറഞ്ഞു. എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. എല്ലാവരും മാസ്‌ക് ധരിക്കണം. രോഗം സ്ഥിരീകരിച്ച കുട്ടിയുടെ നില ഗുരുതരമാണെന്നും വീണാജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയുമായി സമ്പര്‍ക്കമുള്ള ഒരാള്‍ക്ക് പനി ബാധിച്ചിട്ടുണ്ട്. അയാള്‍ നിരീക്ഷണത്തിലാണ്. വൈറല്‍ പനിയാണെങ്കിലും സ്രവം ശേഖരിച്ചതായി മന്ത്രി പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: