Headlines

എല്ലാവർക്കും സ്വന്തമായി വീട്; പരമ്പരാഗത തൊഴിലിന് 15,000 കോടി; പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയുടെ എഴുപത്തിയേഴാമത്തെ സ്വാതന്ത്യദിനത്തിൽ 15,000 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ പരമ്പരാ​ഗത മേഖലയിലെ തൊഴിലാളികള്‍ക്കായിട്ടുള്ള പദ്ധതികളാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. അടുത്തമാസം വിശ്വകര്‍മ ജയന്തി ദിനത്തില്‍ പദ്ധതി തുടങ്ങുമെന്നും അദ്ദേഹം പ്രസംഗത്തിലൂടെ അറിയിച്ചു.

25,000 ജന്‍ ഔഷധി കേന്ദ്രങ്ങള്‍ കൂടി ആരംഭിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. എല്ലാവര്‍ക്കും സ്വന്തമായി ഭവനം എന്ന സ്വപ്‌നം നടപ്പാക്കാന്‍ ഉടന്‍ പദ്ധതി ആരംഭിക്കും. സ്വന്തമായി ഭൂമി ഇല്ലാത്തവര്‍ക്ക് ഭൂമി വാങ്ങി വീടു വെക്കാന്‍ ബാങ്ക് വായ്പ അനുവദിക്കാന്‍ പദ്ധതി തുടങ്ങും. സര്‍ക്കാരിന്റെ ഓരോ നിമിഷവും ഓരോ രൂപയും ജനക്ഷേമത്തിനാണ്. ആദ്യം രാജ്യമെന്ന ആശയത്തിലൂന്നിയാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്.

സ്ത്രീ കേന്ദ്രീകൃത വികസനമാണ് ഉണ്ടാകേണ്ടത്. രണ്ടുകോടി സ്ത്രീകളെ ലക്ഷാധിപതികളാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സ്ത്രീകള്‍ക്കെതിരെ കുറ്റകൃത്യം ഇല്ലാതാക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. 2047 ല്‍ ഇന്ത്യ വികസിത രാജ്യമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാ ലക്ഷ്യങ്ങളും സമയത്തിന് മുമ്പേ പൂര്‍ത്തിയാക്കും. തറക്കല്ലിട്ടത് തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തന്നെ രാജ്യത്തിന് സമര്‍പ്പിക്കും.

2014 ലും 2019 ലും ജനങ്ങള്‍ നല്‍കിയ ഭൂരിപക്ഷമാണ് പരിഷ്‌കരണങ്ങള്‍ക്ക് സര്‍ക്കാരിന് ആത്മവിശ്വാസമേകിയത്. അഞ്ചു വര്‍ഷത്തിനിടെ പതിമൂന്നര കോടി ജനങ്ങളാണ് ദാരിദ്ര്യരേഖയ്ക്ക് മുകളിലെത്തിയത്. എന്‍ഡിഎ അധികാരത്തില്‍ വരുമ്പോള്‍ സാമ്പത്തിക രംഗത്ത് പത്താം സ്ഥാനത്തായിരുന്ന ഇന്ത്യ ഇപ്പോള്‍ അഞ്ചാം സ്ഥാനത്തെത്തി. തടയാനോ തോല്‍പ്പിക്കാനോ കഴിയാത്തതാണ് പുതിയ ഇന്ത്യ. വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതു വരെ സര്‍ക്കാരിന് വിശ്രമമില്ല. ഇനി വരുന്ന ആയിരം വര്‍ഷം രാജ്യത്തിന്റെ സുവര്‍ണ ചരിത്രമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: