രണ്ടുവർഷംകൊണ്ട് 18 ലക്ഷം കുടിവെള്ള കണക്ഷൻ നൽകി: മന്ത്രി റോഷി അഗസ്റ്റിൻ



തിരുവനന്തപുരം:സർക്കാർ അധികാരമേറ്റ ശേഷം കഴിഞ്ഞ രണ്ടുവർഷംകൊണ്ട് സംസ്ഥാനത്ത് 18 ലക്ഷം കുടിവെള്ള കണക്ഷൻ നൽകിയെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. വാട്ടർ അതോറിറ്റിയുടെ കവടിയാർ സ്മാർട്ട് ഓഫീസിന്റെയും കവടിയാർ പൈപ്പ് ലൈൻ റോഡിൻ്റെ നവീകരണ പ്രവർത്തിയുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 60 വർഷം കൊണ്ട് സംസ്ഥാനത്ത് 17 ലക്ഷം കുടിവെള്ള കണക്ഷൻ ആണ് നൽകിയത്. എന്നാൽ ഇതിനേക്കാൾ കൂടുതൽ കഴിഞ്ഞ രണ്ടുവർഷംകൊണ്ട് നൽകി. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ പ്രധാന ദൗത്യമായി കണ്ടത് എല്ലാ ഗ്രാമങ്ങളിലും കുടിവെള്ളമെത്തിക്കുക എന്നതാണ്. 70, 85000 കണക്ഷനുകൾ ആണ് സംസ്ഥാനത്ത് ആകെ ആവശ്യമായിട്ടുള്ളത്. ഇത് പൂർത്തീകരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

അമൃത് പദ്ധതിയുടെ ഭാഗമായി 1.75 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന വാട്ടർ അതോറിറ്റി സ്മാർട്ട് ഓഫീസുകളിൽ ഒന്നാണ് ഉദ്ഘാടനം ചെയ്യപ്പെട്ട കവടിയാർ സ്മാർട്ട് ഓഫീസ്. കവടിയാർ പൈപ്പ് ലൈൻ റോഡിൻ്റെ നവീകരണ പ്രവർത്തികൾക്കായി സംസ്ഥാന ബജറ്റിൽ നിന്നും 1.5 കോടി രൂപ വകയിരുത്തിയ പദ്ധതി ഭരണാനുമതി ലഭിച്ചു ടെൻഡർ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്.

കവടിയാർ പൈപ്പ് ലൈൻ റോഡിൽ നടന്ന ചടങ്ങിൽ വി.കെ പ്രശാന്ത് എംഎൽഎ അധ്യക്ഷനായി. വാർഡ് കൗൺസിലർമാർ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: