വെര്‍ച്വല്‍ അറസ്റ്റ് ചെയ്തെന്ന് തെറ്റിദ്ധരിപ്പിച്ച് വീട്ടമ്മയിൽ നിന്നും തട്ടിയെടുത്തത് 2.88 കോടി

മട്ടാഞ്ചേരി: വെര്‍ച്വല്‍ അറസ്റ്റ് ചെയ്തെന്ന് തെറ്റിദ്ധരിപ്പിച്ച് വീട്ടമ്മയിൽ നിന്നും തട്ടിയെടുത്തത് 2.88 കോടി രൂപ. മട്ടാഞ്ചേരി ആനവാതിലിനു സമീപം ഷേണായി കോമ്പൗണ്ടില്‍ താമസിക്കുന്ന 59 കാരിയായ കെ. ഉഷാകുമാരിക്കാണ് കോടികൾ നഷ്ടമായത്. കേസിൽ നിന്ന് ഒഴിവാക്കാൻ അക്കൗണ്ടിലേക്ക് പണം അയക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

മണി ലോണ്ടറിങ്, ക്രിപ്റ്റോ കറന്‍സി എന്നിവയുമായി ബന്ധപ്പെട്ട് ഉഷാകുമാരിയുടെ പേരില്‍ മുംബൈ തിലക് നഗര്‍ പൊലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വെര്‍ച്വല്‍ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും തെറ്റിദ്ധരിപ്പിച്ചശേഷം കേസില്‍നിന്ന് ഒഴിവാക്കിത്തരാമെന്ന് കാട്ടി പലതവണയായി പണം തട്ടിയെടുക്കുകയായിരുന്നു. ജൂലൈ ഏഴിനാണ് മുംബൈയിൽനിന്ന് ആദ്യ ഫോൺ ഉഷാകുമാരിക്ക് ലഭിക്കുന്നത്. പിന്നീട് വാട്സ്ആപ് നമ്പറിലേക്ക് സന്തോഷ് റാവു എന്നയാളുടെ നമ്പറില്‍നിന്ന് വിഡിയോകാള്‍ ചെയ്താണ് തട്ടിപ്പ് നടത്തിയത്.

വിഡിയോകാളില്‍ പ്രതികൾ വ്യാജ കോടതിയും പൊലീസ് സ്റ്റേഷനും സൃഷ്ടിച്ചിരുന്നു. ജൂലൈ 10 മുതല്‍ ആഗസ്റ്റ് 11 വരെ തീയതികളില്‍ ഉഷാകുമാരിയുടെയും ഭര്‍ത്താവ് വി. ഷേണായിയുടെയും വിവിധ ബാങ്ക് അക്കൗണ്ടുകളില്‍നിന്നാണ് പണം തട്ടിയെടുത്തത്. വെര്‍ച്വല്‍ അറസ്റ്റ് ചെയ്തിരിക്കുകയാണെന്ന് വിശ്വസിപ്പിച്ചശേഷം വ്യാജ കോടതിയില്‍ ഹാജരാക്കി. ജഡ്ജിയുടെയും വക്കീലിന്‍റെയും വേഷമണിഞ്ഞാണ് തട്ടിപ്പുകാര്‍ കോടതിയിൽ നിന്നിരുന്നത്. സംഭവത്തിൽ സാക്ഷിയായി എത്തിയ യുവതി ഉഷാകുമാരിക്ക് തട്ടിപ്പില്‍ പങ്കുണ്ടെന്ന് ആരോപിക്കുകയുംചെയ്തു. അറസ്റ്റില്‍നിന്ന് മോചിപ്പിക്കണമെങ്കില്‍ അക്കൗണ്ടിലേക്ക് പണം കൈമാറാന്‍ ആവശ്യപ്പെടുകയായിരുന്നു.

സംഭവത്തില്‍ മഹാരാഷ്ട്ര നവി മുംബൈ സ്വദേശികളായ സാക്ഷി അഗര്‍വാള്‍, സന്തോഷ് റാവു, വിജയ് ഖന്ന, സഞ്ജയ് ഖാന്‍, ശിവസുബ്രഹ്മണ്യം എന്നിവര്‍ക്കെതിരെ മട്ടാഞ്ചേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പലതവണകളായി ലക്ഷങ്ങള്‍ ഉഷാകുമാരി നല്‍കിയെങ്കിലും വീണ്ടും പണം ആവശ്യപ്പെട്ടതോടെ സ്വര്‍ണം പണയംവെച്ചാണ് തുക നല്‍കിയത്. അടുത്തുള്ള സ്റ്റേഷനില്‍നിന്ന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്നും ഉഷാകുമാരിയോട് സംഘം പറഞ്ഞു.

സര്‍ട്ടിഫിക്കറ്റിനായി സ്റ്റേഷനില്‍ എത്തിയപ്പോഴാണ് തട്ടിപ്പിനിരയായതായി ഉഷാകുമാരിയും ഭർത്താവും അറിയുന്നത്. സ്വകാര്യ കമ്പനിയില്‍നിന്ന് അക്കൗണ്ടന്റായി വിരമിച്ചയാളാണ് ഉഷാകുമാരി. ഷേണായി സ്വകാര്യ ബാങ്കിലെ റിട്ട. ഉദ്യോഗസ്ഥനുമാണ്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: