കണ്ണൂര്‍: വാര്‍ത്തകളില്‍ സജീവമായി നില്‍ക്കുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍റെ വ്യാജ പതിപ്പ് വില്‍പനയ്ക്ക്. കണ്ണൂർ പാപ്പിനിശ്ശേരിയിലെ തംബുരു കമ്യൂണിക്കേഷൻ എന്ന സ്ഥാപനത്തില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് തിയറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്ന പുതിയ ചിത്രത്തിന്‍റെ വ്യാജ പതിപ്പ് കണ്ടെത്തിയത്. സ്വകാര്യ ജനസേവന കേന്ദ്രവുമാണ് ഇത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് വളപട്ടണം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്.
എമ്പുരാന്‍റെ വ്യാജ പതിപ്പ് ആവശ്യക്കാര്‍ക്ക് ഫോണിലേക്കും മറ്റ് ഡിവൈസുകളിലേക്കുമൊക്കെ ഇവിടെനിന്ന് പകര്‍ത്തി കൊടുത്തിരുന്നു. 20 രൂപ മുതലാണ് ഇതിനായി ഈടാക്കിയിരുന്നത്. സ്ഥാപനത്തിലെ ജീവനക്കാരിക്കെതിരെ വളപട്ടണം പൊലീസ് കേസെടുക്കും. മാര്‍ച്ച് 27 ന് ലോകവ്യാപകമായി റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന്‍റെ വ്യാജ പതിപ്പ് പല വെബ് സൈറ്റുകളിലും എത്തിയിരുന്നു. സൈബര്‍ പൊലീസ് പല സൈറ്റുകളില്‍ നിന്നും വ്യാജ പതിപ്പിന്‍റെ ലിങ്കുകള്‍ നീക്കം ചെയ്തിരുന്നു. അത്തരത്തില്‍ എത്തിയ ലിങ്കുകള്‍ ഡൗൺലോഡ് ചെയ്ത് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നടപടി ഉണ്ടാവുമെന്ന് പൊലീസ് അറിയിച്ചിരുന്നു. അത്തരത്തിലുള്ള നടപടിയാണ് പാപ്പിനിശ്ശേരിയില്‍ നടന്നിരിക്കുന്നത്.
വലിയ സാമ്പത്തിക വിജയം നേടിയ ചിത്രം സമീപ ദിവസങ്ങളില്‍ ഉള്ളടക്കം ഉയര്‍ത്തിയ വിവാദത്താലും സജീവ ചര്‍ച്ചയായി മാറിയിരുന്നു. ചിത്രത്തിലെ ഉള്ളടക്കത്തിനെതിരെ സംഘപരിവാര്‍ അനുകൂലികളാണ് പ്രതിഷേധവുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസറില്‍ ചിത്രത്തിനും പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള അണിയറക്കാര്‍ക്കുമെതിരെ നിരന്തരം ലേഖനങ്ങള്‍ വന്നു. അതേസമയം ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ സ്വമേധയാ റീസെന്‍സറിംഗിനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു. റീസെന്‍സേര്‍ഡ് പതിപ്പ് നാളെ മുതല്‍ തിയറ്ററുകളില്‍ എത്തും. 24 കട്ടുകളാണ് ചിത്രത്തില്‍ വരുത്തിയിരിക്കുന്നത്. അതേസമയം ചിത്രത്തിന്‍റെ ദൈര്‍ഘ്യം 2 മിനിറ്റ് 8 സെക്കന്‍ഡ് മാത്രമേ കുറഞ്ഞിട്ടുള്ളൂ.
