പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർദ്ധരാത്രിമുതൽ

തിരുവനന്തപുരം: പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർദ്ധരാത്രിമുതൽ ആരംഭിക്കും. ഇന്ന് അർദ്ധരാത്രി മുതൽ ഒമ്പതിന്‌ അർധരാത്രിവരെ 24 മണിക്കൂറാണ്‌ പണിമുടക്ക്‌. കേന്ദ്ര സർക്കാർ തൊഴിലാളിവിരുദ്ധ നയങ്ങൾ സ്വീകരിക്കുന്നുവെന്നാരോപിച്ചാണ് പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. തൊഴിലാളികളും കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും പൊതുമേഖലാ ജീവനക്കാരും ബാങ്കിങ്‌,- ഇൻഷുറൻസ്‌ ജീവനക്കാരും സമരത്തിൽ പങ്കാളികളാകും.


കേരളത്തിൽ ഭരണ, പ്രതിപക്ഷ സംഘടനകൾ പ്രത്യേകമായാണ് പണിമുടക്കുന്നത്. സംസ്ഥാന സർ‌ക്കാരിന്റെ നയങ്ങൾക്കെതിരായ പ്രതിഷേധവും ഐഎൻടിയുസി ഉൾപ്പെടെയുള്ള യുഡിഎഫ് സംഘടനകൾ ഉയർത്തും. സംയുക്ത കിസാൻ മോർച്ച പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌.

സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എൽപിഎഫ്‌, യുടിയുസി, എച്ച്‌എംഎസ്‌, സേവ, ടിയുസിഐ, എൻഎൽസി, ടിയുസിസി, ജെഎൽയു, എൻഎൽയു, കെടിയുസി എസ്‌, കെടിയുസി എം, ഐഎൻഎൽസി, എൻടിയുഐ, എച്ച്‌എംകെപി തുടങ്ങിയവ പങ്കെടുക്കും. തൊഴിലാളികൾ ഒമ്പതിന്‌ 1020 സമരകേന്ദ്രങ്ങളിൽ ഒത്തുചേരും.

അതേസമയം, കേരളത്തിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു. വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ ഇന്ന് സൂചനാ പണിമുടക്ക് നടത്തുന്നത്. സംയുക്ത സമര സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്നലെ ട്രാൻസ്പോർട്ട് കമ്മീഷണറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് ബസുടമകൾ പണിമുടക്കിലേക്ക് പോയത്.

വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടുക, വ്യാജ കൺസെഷൻ കാർഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. ഒരാഴ്ചയ്ക്കുള്ളിൽ പരിഹാരമുണ്ടായില്ലെങ്കിൽ, 22 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: