ഒൻപതുവർഷം മുൻപ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്ത കേസിൽ ബിജെപി എംഎൽഎയ്ക്ക് 25 വർഷം കഠിനതടവും പത്തുലക്ഷം രൂപ പിഴയും ശിക്ഷ. യുപിയിലെ ദുദ്ധി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രാംദുലാർ ഗോണ്ടിനെയാണ് സോൻഭദ്ര ജില്ലാ സെഷൻസ് ജഡ്‌ജി ശിക്ഷിച്ചത്. വിധി വന്നതോടെ ഗോണ്ടിന് എംഎൽഎ സ്ഥാനം നഷ്ടമായി. ജനപ്രാതിനിധ്യനിയമം അനുസരിച്ച് രണ്ടുവർഷത്തിൽ കൂടുതൽ ജയിൽശിക്ഷ ലഭിച്ചാൽ ജനപ്രതിനിധികൾ അയോഗ്യരാകും. ശിക്ഷാകാലാവധി കഴിഞ്ഞ് ആറുവർഷം കൂടി തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിന് അയോഗ്യത തുടരും.
2014ലാണ് രാംദുലാർ ഗോണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്തത്. ഈസമയത്ത് ഗോണ്ട് നിയമസഭാംഗമായിരുന്നില്ല. എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടതോടോ പോക്സോ കേസ് സോൻഭദ്രയിലെ എംപി-എംഎൽഎ കോടതിയിലേക്ക് മാറ്റുകയായിരുന്നു. ബലാൽസംഗം, ഭീഷണിപ്പെടുത്തൽ എന്നിവയും പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളും ഗോണ്ടിനുമേൽ ചുമത്തിയിരുന്നു. പിഴ വിധിച്ച 10 ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം. വിവാഹിതയും അമ്മയുമാണ് അതിജീവിത ഇപ്പോൾ.
ഉത്തർപ്രദേശിൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ഒട്ടേറെ എംഎൽഎമാരെ അടുത്തിടെ അയോഗ്യരാക്കിയിരുന്നു. സമാജ്വാദി പാർട്ടി നേതാവ് അസം ഖാൻ, മകൻ അബ്ദുല്ല അസം ഖാൻ, ബിജെപി അംഗം വിക്രം സിങ് സെയ്നി, കുൽദീപ് സിങ് സെംഗാർ എന്നിവർക്കുപിന്നാലെയാണ് രാംദുലാർ ഗോണ്ടും അയോഗ്യനാക്കപ്പെട്ടത്
