ബെംഗളൂരുവിൽ യുവതിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി ഫ്രിഡ്ജിലൊളിപ്പിച്ച നിലയിൽ കണ്ടെത്തി. മാളിലെ ജീവനക്കാരിയായ 29 വയസുള്ള മഹാലക്ഷ്മി നീലമംഗല എന്ന യുവതിയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൃതദേഹം വെട്ടി നുറുക്കി 30 കഷ്ണങ്ങളാക്കിയാണ് ഫ്രിഡ്ജിനുള്ളിൽ ഒളിപ്പിച്ചത്. ബെംഗളൂരുവിലെ വയലിക്കാവിൽ വിനായക നഗറിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. യുവതി കഴിഞ്ഞ 5 മാസമായി വിനായക നഗറിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അടച്ചിട്ട വീട്ടിൽ നിന്ന് ദുർഗന്ധം വരുന്നെന്ന് അയൽക്കാർ പരാതിപ്പെട്ടതിനെ തുടർന്ന് യുവതിയുടെ കുടുംബാംഗങ്ങൾ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ഫ്രിഡ്ജിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. രണ്ട് ദിവസമായി യുവതി താമസിച്ചിരുന്ന വീട്ടിൽ നിന്നും ദുർഗന്ധം പുറത്തേക്ക് വരുന്നുണ്ടായിരുന്നു. എന്നാൽ വീട് പൂട്ടിയ നിലയിലാണ് കണ്ടെത്താനായത്. ഇതോടെയാണ് പ്രദേശവാസികൾ യുവതിയുടെ ബന്ധുക്കളെ വിവരമറിയിച്ചത്. ബന്ധുക്കളെത്തി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് യുവതിയെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. പിന്നാലെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
മൃതദേഹത്തിന് 5 ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഹേമന്ത് ദാസ് എന്നയാളാണ് യുവതിയുടെ ഭർത്താവ്. നേപ്പാൾ സ്വദേശിയായ മഹാലക്ഷ്മി അഞ്ച് വർഷം മുമ്പാണ് ഹേമന്ത് ദാസിനെ വിവാഹം കഴിച്ചത്. ദമ്പതികൾക്ക് നാല് വയസ്സുള്ള ഒരു കുട്ടിയുണ്ട്. ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഭർത്താവിനോട് പിണങ്ങിയാണ് മഹാലക്ഷ്മി ബെംഗളൂരുവില്‍ ജോലിക്കെത്തിയത്. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു

