കേരള ബാങ്ക് പുതിയതായി ആവിഷ്കരിച്ച ഇലക്ട്രിക് ത്രീവീലർ വായ്പയുടെ ഗുണഫലം സാധാരണക്കാരിലേയ്ക്ക് എത്തിക്കുന്നതിനായി വ്യവസായ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രമുഖ മുചക്ര വാഹന നിർമ്മാതാക്കളും വിതരണക്കാരുമായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡുമായി ധാരണപത്രം ഒപ്പിട്ടു.
ഇരു സ്ഥാപനങ്ങളിലെയും ഭരണസമിതി തീരുമാന പ്രകാരം KAL നിർമ്മിക്കുന്ന ഇലക്ട്രിക് ഓട്ടോറിക്ഷ, ഇലക്ട്രിക് കാർട്ട് എന്നിവ വാങ്ങുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് കണ്ടെത്തുന്ന അർഹതപ്പെട്ട ഗുണഭോക്താക്കൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിന് കേരള ബാങ്ക് വഴി വായ്പ ലഭ്യമാക്കാൻ ധാരണയായി. ഇന്നു നടന്ന കേരള ബാങ്ക് ഭരണസമിതി യോഗത്തിൽ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, KAL ചെയർമാൻ പുല്ലുവിള സ്റ്റാൻലി എന്നിവർ ധാരണാപത്രം കൈമാറി.
18 വയസ്സിനും 60 വയസ്സിനും ഇടയിലുള്ള പുരുഷന്മാർക്കും സ്ത്രീകൾക്കും വായ്പ ലഭ്യമാണ്. 5 വർഷ കാലാവധിയിൽ പരമാവധി 3 ലക്ഷം രൂപയാണ് വായ്പ അനുവദിക്കുന്നത്.
