വട്ടിയൂർക്കാവ് മണ്ഡലത്തിലെ 35 കിലോമീറ്റർ റോഡ് ബി.എം.ബി.സി നിലവാരത്തിൽ നവീകരിച്ചു : മന്ത്രി മുഹമ്മദ്‌ റിയാസ്



2021 ൽ സർക്കാർ അധികാരത്തിൽ വന്ന ശേഷം വി. കെ പ്രശാന്ത് എം. എൽ.എ യുടെ സഹകരണത്തോടെ വട്ടിയൂർക്കാവ് മണ്ഡലത്തിലെ 35 കിലോമീറ്റർ റോഡാണ് ബി.എം.ബി.സി നിലവാരത്തിൽ നവീകരിച്ചതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ്‌ റിയാസ്. വട്ടിയൂർക്കാവ് മണ്ഡ‌ലത്തിലെ പൈപ്പിൻമുട്- പേരൂർക്കട റോഡ് അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിക്കുന്നതിന്റെയും, ബി.എം.ബി.സി. നിലവാരത്തിൽ നവീകരിച്ച പ്ലാമൂട് – തേക്കുംമൂട് -മുളവന റോഡിന്റെയും നവീകരിച്ച പൈപ്പിൻമൂട് പാർക്കിന്റേയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരത്തിലെ 10 റോഡുകൾ മാർച്ച് അവസാനത്തോടെ സ്മാർട്ടാക്കും. പൊങ്കാലക്ക് മുൻപ് 26 റോഡുകളാണ് തുറന്നുനൽകിയത് . പൊതുമരാമത്ത് വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും കോർപ്പറേഷനും സ്മാർട്ട് സിറ്റിയും എല്ലാം ചേർന്ന് ഒന്നിച്ചാണ് നഗരത്തിൽ മാറ്റം സാധ്യമാക്കുന്നത്. മണ്ഡലത്തിലെ ചിറ്റാളൂർ റോഡ്, എൻ.സി.സി റോഡ് എന്നിവ നവീകരിക്കുന്നതിന് 3.75 കോടി രൂപ അനുവദിച്ചതായും മന്ത്രി ചടങ്ങിൽ പ്രഖ്യാപിച്ചു. വി. കെ പ്രശാന്ത് എം. എൽ. എ അധ്യക്ഷനായി.

പൈപ്പിൻമുട്- പേരൂർക്കട റോഡ് അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിക്കുന്നതിന് തിരുവനന്തപുരം സ്‌മാർട്ട് സിറ്റി പദ്ധതിയിൽ നിന്നും 11 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. അമ്പലമുക്ക്- ഊളമ്പാറ റൂട്ടിൽ സൈക്കിൾ ട്രാക്ക് കൂടി ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിൻ്റെ പ്ലാൻ ഫണ്ടിൽ നിന്നും 15 കോടി രൂപ വിനിയോഗിച്ചാണ് പ്ലാമൂട് – തേക്കുംമൂട് -മുളവന റോഡ് ബി.എം.ബി.സി. നിലവാരത്തിൽ നവീകരിച്ചത്. ശാസ്തമംഗലം പൈപ്പിൻമൂട് ജംഗ്ഷനിലെ പാർക്ക് ലുലു ഗ്രൂപ്പിന്റെ സി.ഇ.ആർ. ഫണ്ട് വിനിയോഗിച്ച് നവീകരണം പൂർത്തിയാക്കി.

പൈപ്പിൻമൂട് പാർക്കിന് സമീപം നടന്ന ചടങ്ങിൽ മേയർ ആര്യ രാജേന്ദ്രൻ. എസ് , പേരൂർക്കട വാർഡ് കൗൺസിലർ ജമീല ശ്രീധരൻ, ട്രിഡ ചെയർമാൻ കെ.സി വിക്രമൻ, പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ ജയരാജ് ടി.എസ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: