ദിവസം 40 ടെസ്റ്റ്, 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ 6 മാസത്തിനുള്ളിൽ മാറ്റണം;
പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റ്ഉത്തരവിറക്കി ഗതാഗതവകുപ്പ്


തിരുവനന്തപുരം:സംസ്ഥാനത്തെ പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റ് നിർദേശങ്ങളിൽ ഇളവുകൾ വരുത്തി ഉത്തരവിറക്കി ഗതാഗതവകുപ്പ്. ഒരു ദിവസം 30 ടെസ്റ്റെന്ന തീരുമാനം പിൻവലിച്ചു. 40 ടെസ്റ്റുകൾ ഒരു ദിവസം നടത്തും.ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കുന്ന 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ 6 മാസത്തിനുള്ളിൽ മാറ്റണം.വാഹനങ്ങളില്‍ കാമറ സ്ഥാപിക്കാനും ഇടതും വലതും ബ്രേക്കും ക്ലച്ചുമുള്ള വാഹനം മാറ്റാനും മൂന്ന് മാസത്തെ സാവകാശം കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു. ഈ നിര്‍ദേശങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തിയാണ് പുതിയ ഉത്തരവിറങ്ങിയത്.

പരിഷ്കരണ നടപടികൾ നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി ഡ്രൈവിങ് സ്കൂൾ ഉടമകളും സംഘടനകളും ഹർജികള്‍ നൽകിയെങ്കിലും ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിച്ചു കൊണ്ട് ട്രാൻസ്പോർട്ട് കമ്മിഷണർ ഇറക്കിയ സർക്കുലർ സ്റ്റേ ചെയ്യാൻ ഹൈക്കോടതി ഇന്നലെ വിസമ്മതിച്ചിരുന്നു. റോഡ് അപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഡ്രൈവിങ് ടെസ്റ്റ് കുറ്റമറ്റതാക്കാൻ ലക്ഷ്യമിട്ടുള്ള നടപടിയാണു സ്വീകരിച്ചിട്ടുള്ളതെന്നും പൊതുജന സുരക്ഷയാണു ലക്ഷ്യമിടുന്നതെന്നുമായിരുന്നു ജസ്റ്റിസ് കൗസർ എടപ്പഗത്ത് പറഞ്ഞത്. കമ്മിഷണറുടെ നിർദേശങ്ങൾ കേന്ദ്ര മോട്ടർ വാഹന നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമല്ലെന്നു കോടതി പ്രഥമദൃഷ്ട്യാ ചൂണ്ടിക്കാട്ടി. വാഹന സംവിധാനങ്ങളിലും എൻജിനീയറിങ് സാങ്കേതിക വിദ്യയിലും വന്ന മാറ്റങ്ങൾ കൂടി കണക്കിലെടുത്താണ് പരിഷ്കാര നടപടികൾ.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: