Headlines

ഏഴു വയസുള്ള മകളെ പീഡിപ്പിക്കാൻ കാമുകന് ഒത്താശ: അമ്മയ്ക്ക് 40 വർഷം കഠിന തടവ്

തിരുവനന്തപുരം:ഏഴു വയസുകാരിയായ മകളെ പീഡിപ്പിക്കാൻ കാമുകന് ഒത്താശ ചെയ്ത അമ്മയ്ക്ക് 40 വർഷവും 6 മാസവും കഠിന തടവും 20,000 രൂപ പിഴയും. തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതി ജഡ്ജി ആർ.രേഖയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടുതൽ തടവ് അനുഭവിക്കണം. ലീഗൽ സർവീസസ് അതോറിറ്റി നഷ്ടപരിഹാരം നൽകണമെന്നും കോടതി നിർദേശിച്ചു.

2018 മാർച്ച് മുതൽ 2019 സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ ഞെട്ടിപ്പിക്കുന്ന സംഭവം നടക്കുന്നത്. മനോരോഗിയായ ഭർത്താവിനെ ഉപേക്ഷിച്ച പ്രതി കാമുകനായ ശിശുപാലനൊപ്പമാണ് താമസിച്ചിരുന്നത്. ഈ കാലയളവിൽ പ്രതിയുടെ മകളും ഇരുവർക്കൊപ്പം ഉണ്ടായിരുന്നു. ശിശുപാലൻ കുട്ടിയെ പലതവണ ക്രൂരമായി പീഡിപ്പിച്ചു. പീഡനത്തിൽ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവേറ്റിരുന്നു. കുട്ടി കരഞ്ഞു കൊണ്ട് അമ്മയോട് വിവരം പറഞ്ഞെങ്കിലും അമ്മ നിസാരമാക്കി. അതൊന്നും കുഴപ്പമില്ലെന്നും മറ്റാരോടും പറയരുതെന്നുമായിരുന്നു മറുപടി. തുടർന്നും കുട്ടിയെ ശിശുപാലന്റെ വീട്ടിൽ കൊണ്ട് പോവുകയും അമ്മയുടെസാന്നിധ്യത്തിൽ പീഡനം ആവർത്തിക്കുകയും ചെയ്തു.

പതിനൊന്നുകാരിയായ ചേച്ചി ഇടയ്ക്ക് വീട്ടിൽ വന്നപ്പോഴാണ് ശിശുപാലൻ ചേച്ചിയേയും പീഡിപ്പിച്ചതായി കുട്ടി അറിയുന്നത്. ശിശുപാലൻ ഭീഷണിപ്പെടുത്തിയതിനാൽ കുട്ടികൾ വിവരം പുറത്ത് പറഞ്ഞിരുന്നില്ല. മൂത്ത കുട്ടിയുടെ അച്ഛൻ മനോരോഗിയാണ്. ഇരയായ രണ്ടാമത്തെ കുട്ടിയുടെ അച്ഛൻ മറ്റൊരാളാണ് ചേച്ചി കുട്ടിയേയും കൂട്ടി വീട്ടിൽ നിന്നു രക്ഷപെട്ട് അച്ഛന്റെ അമ്മയുടെ വീട്ടിൽ എത്തി വിവരം പറയുകയായിരുന്നു. ശിശുപാലനോടുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് അമ്മൂമ്മ പറഞ്ഞെങ്കിലും പ്രതി കൂട്ടാക്കിയില്ല. ഈ കാലയളവിൽ പ്രതി ശിശുപാലനെ ഉപേക്ഷിച്ച് മറ്റൊരളോടൊത്തു താമസമായി. അയാളും പ്രതിയുടെ സഹായത്തോടെ കുട്ടിയെ പീഡിപ്പിച്ചു. ഇതോടെ അമ്മൂമ്മ സംഭവം പുറത്തറിയിച്ച് കുട്ടികളെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റുകയായിരുന്നു. അവിടെ നടന്ന കൗൺസിലിങ്ങിലാണ് കുട്ടികൾ വിവരം പുറത്ത് പറഞ്ഞത്. വിചാരണയ്ക്കിടെ ഒന്നാം പ്രതിയായ ശിശുപാലൻ ആത്മഹത്യ ചെയ്തു. അതിനാൽ അമ്മയ്ക്കെതിരെ മാത്രമാണ് വിചാരണ നടന്നത്. കുട്ടികൾ ചിൽഡ്രൻസ് ഹോമിലാണ് നിലവിൽ കഴിയുന്നത്.

പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്,വിജയ് മോഹൻ, അഡ്വ.ആർ.വൈ.അഖിലേഷ് ഹാജരായി. പള്ളിക്കൽ പോലീസ് ഇൻസ്പെക്ടർമാരായിരുന്ന അനിൽകുമാർ, ശ്രീജിത്ത് എന്നിവരാണ് കേസ് അന്വേഷിച്ചത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: