40,00 കലാകാരന്മാരും 300 കലാപരിപാടികളും; ‘കേരളീയം 2023’ നവംബര്‍ ഒന്നു മുതല്‍

തിരുവനന്തപുരം: അനന്തപുരി ആതിഥ്യമരുളുന്ന കേരളീയം 2023 ജനകീയോത്സവം നവംബര്‍ ഒന്നു മുതല്‍ ഏഴു വരെ . നാലായിരത്തോളം കലാകാരന്മാരും മുന്നൂറോളം കലാപരിപാടികളും 31 വേദികളുമായി കേരളത്തിന്റെ മുഴുവന്‍ കലകളെയും അണിനിരത്തിയുള്ള സമ്പൂര്‍ണ കലാവിരുന്ന് അരങ്ങേറുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ സംസ്ഥാനത്തെ എല്ലാ കലാമേഖലകളില്‍ നിന്നുമുള്ള നാലായിരത്തോളം കലാകാരന്മാര്‍ അണിനിരക്കും. ചെറുതും വലുതുമായ 300 കലാപരിപാടികളാണ് നടക്കുക. ഇതുവരെ കണ്ടിട്ടുള്ളതില്‍ ഏറ്റവും വൈവിധ്യമാര്‍ന്ന സാംസ്‌കാരിക-കലാ വിരുന്നാണ് ‘കേരളീയ’ത്തിന്റെ ഭാഗമായി ഒരുക്കുന്നത്.

ഒന്‍പതു തീമുകളിലായായി അവതരിപ്പിക്കുന്ന കലാപരിപാടികള്‍ നവംബര്‍ ഏഴിന് മുഖ്യവേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മെഗാഷോയോടെ സമാപിക്കും. ക്ലാസിക്കല്‍ കലകള്‍, അനുഷ്ഠാന കലകള്‍, നാടന്‍ കലകള്‍, ഗോത്ര കലകള്‍, ആയോധന കലകള്‍, ജനകീയ കലകള്‍, മലയാള ഭാഷാസാഹിത്യം, മലയാള സിനിമ സംബന്ധമായ കലാരൂപങ്ങള്‍ തുടങ്ങിയ തീമുകളിലാണ് നവംബര്‍ ഒന്നുമുതല്‍ ആറുവരെ സംഘടിപ്പിക്കുക. നിശാഗന്ധി ഓഡിറ്റോറിയം, പുത്തരിക്കണ്ടം മൈതാനം, ടാഗോര്‍ തിയറ്റര്‍ എന്നിവയാണ് പ്രധാനവേദികള്‍. മെഗാഷോ ഒഴിച്ചുള്ള മുഖ്യ സാംസ്‌കാരിക പരിപാടികളാണ് ഇവിടങ്ങളില്‍ നടക്കുകയെന്ന് ‘കേരളീയം 2023’ ഭാരവാഹികള്‍ അറിയിച്ചു.

വിവേകാനന്ദ പാര്‍ക്ക്, കെല്‍ട്രോണ്‍ പാര്‍ക്ക്, ടാഗോര്‍ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, ഭാരത് ഭവന്‍, ബാലഭവന്‍, പഞ്ചായത്ത് അസോസിയേഷന്‍ ഓഡിറ്റോറിയം, മ്യൂസിയം റേഡിയോ പാര്‍ക്ക്, സത്യന്‍ സ്മാരകം, യൂണിവേഴ്‌സിറ്റി കോളേജ് പരിസരം, എസ്.എന്‍.വി സ്‌കൂള്‍ പരിസരം, ഗാന്ധി പാര്‍ക്ക് തുടങ്ങിയ 12 ചെറുവേദികളിലും പരിപാടികള്‍ അരങ്ങേറും. പ്രൊഫഷണല്‍ നാടകങ്ങള്‍ക്കും കുട്ടികളുടെ നാടകങ്ങള്‍ക്കുമായി സെനറ്റ് ഹാളും ഭാരത് ഭവന്റെ മണ്ണരങ്ങ് ഓപ്പണ്‍ എയര്‍ തിയേറ്ററും സജ്ജമാക്കിയിട്ടുണ്ട്. തെയ്യാട്ടങ്ങള്‍, പൊയ്ക്കാല്‍ രൂപങ്ങള്‍, കരകാട്ടം, മയിലാട്ടം, തെരുവു മാജിക്, തെരുവു സര്‍ക്കസ്, തെരുവു നാടകം, കുരുത്തോല ചപ്രം തുടങ്ങിയ കലാരൂപങ്ങള്‍ക്കായി 12 വഴിയോര വേദികളും ഒരുക്കിയിട്ടുണ്ട്. കൂടാതെ പ്രത്യേക വേദിയായി ഒരുക്കുന്ന തൈക്കാട് പൊലീസ് ഗ്രൗണ്ടില്‍ സര്‍ക്കസും മലയാളിയുടെ പഴയകാല സ്മരണകളുടെ പ്രദര്‍ശനവും നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: