പനാജി, ഗോവ: ഇന്ത്യയുടെ അഭിമാനമായ 54-മത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും. വൈകിട്ടു നടക്കുന്ന വർണശബളമാർന്ന ഉദ്ഘാടനച്ചടങ്ങോടെ ആഘോഷങ്ങൾക്കു തുടക്കമാവും. സ്റ്റുവാർട്ട് ഗാട്ട് സംവിധാനം ചെയ്ത ബ്രിട്ടീഷ് ചിത്രമായ കാച്ചിങ് ഡസ്റ്റ് ആണ് ഉദ്ഘാടന ചിത്രം. ചിത്രത്തിന്റെ ഇന്റർനാഷനൽ പ്രീമിയർ കൂടിയാണിത്.
മുൻ വർഷങ്ങളിലേതിനേക്കാൾ മൂന്നിരട്ടി ചിത്രങ്ങളാണ് ഇക്കുറി മേളയിലേക്ക് അപേക്ഷിക്കപ്പെട്ടത്. ഇവയിൽ 105 രാജ്യങ്ങളിൽ നിന്നായി 198 രാജ്യാന്തര സിനിമകൾ 15 രാജ്യാന്തര മത്സരചിത്രങ്ങൾ, 13 ലോക പ്രീമിയർ, 18 രാജ്യാന്തര പ്രീമയർ, ഏഷ്യയിൽ ആദ്യമായി പ്രദർശിപ്പിക്കപ്പെടുന്ന 62 ചിത്രങ്ങൾ, കന്നി പ്രദർശനം നടത്തുന്ന 89 ഇന്ത്യൻ ചിത്രങ്ങൾ, വനിതാസംവിധായകരുടെ 40 ചിത്രങ്ങൾ എന്നിവ ഉൾപ്പെടുന്നു.
മുൻ വർഷത്തേതിൽ നിന്ന് വ്യത്യസ്തമായി ഐനോക്സ് പഞ്ചിം പർവോറിം എന്നിവയും മക്വിനോസ് പാലസും കൂടാതെ സെഡ് സ്ക്വയർ സമ്രാട്ട് അശോക് സമുചയത്തിലെ രണ്ടു തീയറ്ററുകളിൽ കൂടി പ്രദർശനം നടക്കുന്നുണ്ട്.
ഇന്ത്യൻ സംവിധായകനും നടനുമായ ശേഖർ കപൂർ ചെയർമാനും ജോസുലേസ് അൽകെയ്ൻ, ജെറോം പലിലാർഡ്,കാതറീൻ ഡുസാർട്ട്, ഹെലൻ ലീക്ക് എന്നിവർ അംഗങ്ങളുമായ രാജ്യാന്തര ജൂറിയാണ് മത്സരചിത്രങ്ങൾ വിലയിരുത്തുക.