ജയ്പൂർ: 55 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിലൂടെ രാജസ്ഥാനിൽ കുഴൽക്കിണറിൽ കുടുങ്ങിക്കിടന്ന 5 വയസുകാരനെ പുറത്തെടുത്തു. അബോധാവസ്ഥയിലായ കുട്ടിയെ ആശുപത്രിയിലേക്കു മാറ്റി. കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് അധികൃതർ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ദോസ ജില്ലയിലെ കാളിഘട് ഗ്രാമത്തിൽ 160 അടി താഴ്ചയുള്ള കുഴൽക്കിണറിലേക്ക് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് ആര്യൻ വീണത്. പാടത്തു കളിക്കുന്നതിനിടെ മൂടിയില്ലാത്ത കുഴൽകിണറിൽ വീഴുകയായിരുന്നു. ദേശീയ ദുരന്തനിവാരണ സേനയാണു രക്ഷാദൗത്യം ഏറ്റെടുത്തത്.
സമാന്തരമായി മറ്റൊരു കുഴിയെടുത്ത് കുഴൽക്കിണറുമായി ബന്ധിച്ച ശേഷമാണ് കുട്ടിയെ പുറത്തെടുക്കാൻ ശ്രമം ആരംഭിച്ചത്. 150 അടി വെള്ളമുള്ള കിണറ്റിൽ കാമറ ഇറക്കി നിരീക്ഷണം നടത്താനുള്ള ശ്രമം വിജയിക്കാതിരുന്നത് ദൗത്യത്തിനു വെല്ലുവിളിയായിരുന്നു
