ന്യൂഡൽഹി: 2024 ജൂലൈ മുതൽ ഒക്ടോബർ വരെ മറ്റു മൊബൈൽ നെറ്റുവർക്കുകൾ ഉപേക്ഷിച്ച് ബിഎസ്എൻഎല്ലിലേക്ക് ചേക്കേറിയത് 55 ലക്ഷം ആളുകൾ. 2024 ജൂലൈ മുതൽ ഒക്ടോബർ മാസം വരെ സബ്‌സ്‌ക്രൈബർമാരുടെ എണ്ണത്തിൽ രാജ്യത്തെ പൊതുമേഖലാ മൊബൈൽ സേവന ദാതാക്കൾ വലിയ മുന്നേറ്റമാണ് കാഴ്ച്ചവെച്ചതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സ്വകാര്യ ടെലികോം കമ്പനികൾ താരിഫ് നിരക്കുകൾ വർധിപ്പിച്ചതോടെയാണ് സ്വകാര്യ കമ്പനികളെ ഒഴിവാക്കി ജനങ്ങൾ കൂട്ടത്തോടെ ബിഎസ്എൻഎല്ലിലേക്ക് ചേക്കേറിയത്.
റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡാഫോൺ ഐഡിയ എന്നീ നെറ്റ്‌വർക്കുകളിൽ നിന്ന് ജൂലൈയിൽ ബിഎസ്എല്ലിലേക്ക് എത്തിയത് 15 ലക്ഷം യൂസർമാരാണ്. സിം പോർട്ട് ചെയ്ത് എത്തിയവരുടെ കണക്കാണിത്. ഓഗസ്റ്റിൽ 21 ലക്ഷം ആയി ഉയർന്നു. സെപ്റ്റംബറിൽ 11 ലക്ഷം പേരും ഒക്ടോബറിൽ ഏഴു ലക്ഷം പേരും മറ്റ് ടെലികോം നെറ്റ്‌വർക്കുകളിൽ നിന്ന് പോർട്ട് ചെയ്ത് ബിഎസ്എൻഎല്ലിലേക്കെത്തി. 2024 ജൂണിൽ ബിഎസ്എൻഎല്ലിലേക്ക് 63,709 സിം പോർട്ടിംഗുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്താണ് പിന്നീടുള്ള മാസങ്ങളിലെ കുതിപ്പ്.
അതേസമയം സിം വിൽപനയിലും ബിഎസ്എൻഎൽ വൻ വളർച്ച രേഖപ്പെടുത്തി. 2024 ജൂണിൽ 790,000 സിം കാർഡുകളായിരുന്നു ബിഎസ്എൻഎൽ വിറ്റതെങ്കിൽ ജൂലൈ മാസം ഇത് 49 ലക്ഷവും, ഓഗസ്റ്റ് മാസം 50 ലക്ഷവും, സെപ്റ്റംബർ മാസം 28 ലക്ഷവും, ഒക്ടോബർ മാസം 19 ലക്ഷവും ആയി വിൽപന ഉയർന്നു. സ്വകാര്യ നെറ്റ്‌വർക്കുകൾ താരിഫ് നിരക്കുകൾ വർധിപ്പിച്ചതിന് പിന്നാലെ ബിഎസ്എൻഎല്ലിലേക്കുള്ള ഉപഭോക്താക്കളുടെ കുത്തൊഴുക്ക് തെളിയിക്കുന്നതാണ് ഈ കണക്കുകൾ.
