കൊച്ചി : കേരളത്തിന്റെ ജലഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന കൊച്ചി വാട്ടർ മെട്രോ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. സർവീസ് തുടങ്ങി 6 മാസം പൂർത്തിയാകുന്നതിനു മുൻപ് തന്നെ കൊച്ചി വാട്ടർ മെട്രോയിൽ സഞ്ചരിച്ച യാത്രക്കാരുടെ എണ്ണം ഇന്ന് പത്ത് ലക്ഷം എന്ന നാഴികക്കല്ലിലേക്ക് എത്തിയിരിക്കുന്നു. മലപ്പുറം മഞ്ചേരി സ്വദേശി സൻഹ ഫാത്തിമയാണ് പത്ത് ലക്ഷം തികച്ച യാത്രക്കാരി. ആറാം ക്ലാസ് വിദ്യാർത്ഥിയാണ് സൻഹ. കുടുംബത്തോടൊപ്പം ഹൈ കോർട്ട് ജംഗ്‌ഷൻ ടെർമിനലിൽ നിന്ന് വൈപ്പിൻ വാട്ടർ മെട്രോ ടെർമിനലിലേക്ക് യാത്ര ചെയ്യാൻ എത്തിയപ്പോഴാണ് 10 ലക്ഷം എന്ന ഭാഗ്യ നമ്പറിൽ യാത്ര ചെയ്യുന്നത് താനാണെന്ന് മനസ്സിലാക്കിയത്. അന്താരാഷ്‌ട്ര തലത്തിൽ ശ്രദ്ധയാകർഷിച്ച കൊച്ചി വാട്ടർ മെട്രോ പ്രവർത്തനം ആരംഭിച്ചിട്ട് ഒക്ടോബർ 26ന് ആറ് മാസം പൂർത്തിയാകും. ചുരുങ്ങിയ കാലയളവിൽ 10 ലക്ഷം പേർ ഈ സേവനം ഉപയോഗിച്ച് യാത്ര ചെയ്‌തത് വാട്ടർ മെട്രോ ജനഹൃദയങ്ങളിൽ ഇടം പിടിച്ചതിന് തെളിവാണ്. 12 ബോട്ടുകളുമായി ഹൈക്കോർട്ട് ജംഗ്‌ഷൻ- വൈപ്പിൻ-ബോൽഗാട്ടി ടെർമിനലുകളിൽ നിന്നും വൈറ്റില- കാക്കനാട് ടെർമിനലുകളിൽ നിന്നുമാണ് നിലവിൽ സർവ്വീസ് ഉള്ളത്. ഹൈക്കോർട്ട് ജംഗ്ഷനിൽ നിന്ന് സൗത്ത് ചിറ്റൂരിലേക്കുള്ള സർവ്വീസ് ആണ് അടുത്തതായി ആരംഭിക്കുക. ഇതിനായുള്ള സജ്ജീകരണങ്ങൾ അവസാന ഘട്ടത്തിലാണ്. ഫോർട്ട് കൊച്ചി, മുളവുകാട് നോർത്ത്, വില്ലിംഗ്ടൺ ഐലൻഡ്, കുമ്പളം, കടമക്കുടി, പാലിയംതുരുത്ത് ടെർമിനലുകളുടെയും നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. പ്രധാന ടെർമിനലുകളിൽ ഒന്നായ ഫോർട്ട് കൊച്ചി ടെർമിനലിൻറെ നിർമ്മാണം ഡിസംബറിൽ പൂർത്തിയാക്കുവാനാണ് ലക്ഷ്യമിടുന്നത്. മട്ടാഞ്ചേരി ടെർമിനലിൻറെ നിർമ്മാണത്തിനായുള്ള ടെൻഡർ നടപടികളും ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവരുന്ന വാട്ടർ മെട്രോയുടെ ഇലക്ട്രിക്-ഹൈബ്രിഡ് ബോട്ടുകൾ ഇതിനകം അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ നേടിക്കഴിഞ്ഞു
6 മാസം, 10 ലക്ഷം യാത്രക്കാർ; ചരിത്രമെഴുതി കൊച്ചി വാട്ടർ മെട്രോ
