സംസ്ഥാനത്തെ 60 % റോഡുകളും ബി എം ബി സി നിലവാരത്തിൽ നവീകരിച്ചു – മന്ത്രി മുഹമ്മദ് റിയാസ്

അരീക്കോട് : സംസ്ഥാനത്തെ 60 ശതമാനം പൊതുമരാമത്ത് റോഡുകളും ബി എം ബി സി നിലവാരത്തിൽ  നവീകരിച്ചു കഴിഞ്ഞതായി പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.  ഏറനാട്, കൊണ്ടോട്ടി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിച്ച് വിളയില്‍ എളങ്കാവിനു സമീപം പൂങ്കുടി തോടിന് കുറുകെ നിര്‍മ്മിച്ച കന്നുകടവ് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള മുപ്പതിനായിരത്തോളം കിലോമീറ്റർ റോഡുകളിൽ 50 ശതമാനം അഞ്ചു കൊല്ലം കൊണ്ട് ബി എം ബി സി നിലവാരത്തിലേക്ക് ഉയർത്തണം എന്നായിരുന്നു സർക്കാർ ലക്ഷ്യം കണ്ടിരുന്നത്. എന്നാൽ മൂന്നുവർഷം കൊണ്ട് തന്നെ 15,000 കിലോമീറ്ററിലധികം റോഡുകൾ ഈ നിലവാരത്തിലേക്ക് ഉയർത്താനായി. ഇപ്പോൾ 60 ശതമാനത്തിൽ എത്തി നിൽക്കുന്നു. പാലങ്ങളുടെ കാര്യത്തിൽ അഞ്ചുവർഷം കൊണ്ട് 100 പാലങ്ങൾ ആയിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ മൂന്നേകാൽ വർഷം കൊണ്ട് തന്നെ 100 പാലങ്ങൾ യാഥാർത്ഥ്യമാക്കാൻ സർക്കാറിന് കഴിഞ്ഞതായി മന്ത്രി റിയാസ് പറഞ്ഞു.

പൊതുമരാമത്ത് വകുപ്പിൻ്റെ വികസനങ്ങളിൽ പാലങ്ങൾക്കു മുൻഗണന നൽകുക എന്നത് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം സർക്കാർ തുടക്കം മുതൽ സ്വീകരിച്ചുവരുന്ന നയമാണ്. ആദ്യ പിണറായി സർക്കാരിന്റെ കാലത്ത് ആരംഭിച്ച കിഫ്ബി വഴി നിരവധി പാലങ്ങൾ യാഥാർത്ഥ്യമായിട്ടുണ്ട്. ഇന്ന് ഉദ്ഘാടനം ചെയ്ത കന്നുകടവ് പാലത്തിന്റെ ഗുണഭോക്താക്കളായ കൊണ്ടോട്ടി, ഏറനാട് നിയോജക മണ്ഡലങ്ങളിൽ മാത്രം ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 121 കിലോമീറ്റർ റോഡുകൾ ബി എം ബി സി നിലവാരത്തിൽ നവീകരിച്ചതായി മന്ത്രി പറഞ്ഞു. സാധാരണ റോഡുകളെ അപേക്ഷിച്ച് ഒരു കിലോമീറ്ററിന് 50 ലക്ഷം രൂപയാണ് ബി എം ബി സി ആക്കുന്നതിനുള്ള അധിക ചെലവ്. ഇത് പ്രകാരം 60 കോടി രൂപയാണ് ഈ രണ്ട് മണ്ഡലങ്ങൾക്കായി റോഡ് നിർമ്മാണം ഇനത്തിൽ മാത്രം പൊതുമരാമത്ത് വകുപ്പ് അധികം ചെലവഴിച്ചതെന്നും മന്ത്രി പറഞ്ഞു.

ചീക്കോട് പഞ്ചായത്തിലെ എളങ്കാവ് നിന്ന് അരീക്കോട് പഞ്ചായത്തിലെ കാരിപറമ്പിലേക്കാണ് കന്നുകടവ് പാലം കടന്നുള്ള റോഡ് ചെന്നു ചേരുന്നത്. ഉദ്ഘാടന ചടങ്ങില്‍ ടി.വി ഇബ്രാഹീം എം.എല്‍.എ അധ്യക്ഷനായി. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റുഖിയ ഷംസു, ചീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എളങ്കയിൽ മുംതാസ്, അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നൗഷർ കല്ലട, ജില്ലാ പഞ്ചായത്ത് മെമ്പർ ശരീഫ ടീച്ചർ,  അരീക്കോട് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് അസ്ലം മാസ്റ്റർ, ചീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി സഹീദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിബിൻ ലാൽ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രാജശ്രീ സുരേന്ദ്രൻ, രതീശ് കെ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എൻ.കെ ഷൗക്കത്തലി, അബ്ദുള്ള വാവൂർ, ബാലൻ മാസ്റ്റർ, ഇ.ടി. വേലായുധൻ,  പൊതുമരാമത്ത് പാലങ്ങൾ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ റിജോ റിന്ന സി,  അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വിനോദ് കുമാർ ചാലിൽ, അസിസ്റ്റൻറ് എൻജിനീയർ ജിതിൻ ടി ആർ തുടങ്ങിയർ പങ്കെടുത്തു. 

2020-21 ബജറ്റില്‍ ഉള്‍പ്പെടുത്തി 8 കോടി രൂപ ചെലവില്‍ നാല് സ്പാനുകളിലായി നിര്‍മിച്ച കന്നുകടവ് പാലത്തിന് 79.80 മീറ്റര്‍ നീളമുണ്ട്. 7.5 മീറ്റര്‍ വീതിയുള്ള കാരിയേജ് വേയും 1.5 മീറ്റര്‍ വീതി വരുന്ന രണ്ട് ഫൂട്ട് പാത്തുകളും കൂടി ആകെ 11 മീറ്ററാണ് വീതി. കാരിപ്പറമ്പ് ഭാഗത്തെ അപ്രോച്ച് റോഡിന് 185 മീറ്റര്‍ നീളവും എളങ്കാവ് ഭാഗത്ത് 50 മീറ്റര്‍ നീളവുമാണുള്ളത്. പാലത്തിനും അനുബന്ധ റോഡിനും ബി.എം. & ബി.സി. സര്‍ഫേസിങ്, റോഡ് സേഫ്റ്റി പ്രവൃത്തികള്‍, ബേം കോണ്‍ക്രീറ്റ് പ്രവൃത്തികള്‍, വാഹന ഗതാഗത സുരക്ഷാ സംവിധാനത്തിനായി ക്രാഷ് ബാരിയറുകളുമുണ്ട്.

പാലം, അപ്രോച്ച് റോഡ് പ്രവൃത്തിക്ക് ഭൂമി മുഴുവനായും സൗജന്യമായി വിട്ടു നല്‍കിയത് വാഴക്കാട് ദാറുല്‍ ഉലൂം അസോസിയേഷനാണ്. ടാന്‍ ബി കണ്‍സ്ട്രക്ഷന്‍സ് കമ്പനിയാണ് നിര്‍മാണം പൂര്‍ത്തിയാക്കി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: