Headlines

താമരശ്ശേരി ചുരത്തിൽ പട്ടാപ്പകൽ കാർ തടഞ്ഞ് കവർന്നത് 68 ലക്ഷം രൂപ; രണ്ടുപേർ അറസ്റ്റിൽ

താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ പട്ടാപ്പകൽ കാർ തടഞ്ഞുനിർത്തി യുവാവിനെ ആക്രമിച്ച് 68 ലക്ഷം രൂപയും മൊബൈൽ ഫോണും കവരുകയും കാർ തട്ടിയെടുത്ത് കടന്നുകളയുകയും ചെയ്ത സംഘത്തെ സഹായിച്ച രണ്ടുപേർ പിടിയിൽ. താമരശ്ശേരി മൂന്നാംതോട് മുട്ടുകടവ് സുബീഷ് എന്ന കുപ്പി സുബീഷ് (40), താമരശ്ശേരിയിൽ വാടകയ്ക്ക്ക് താമസിക്കുന്ന കണ്ണൂർ ഇരിട്ടി പായം കോയിലേരി ഹൗസിൽ അജിത്ത് ഭാസ്കരൻ (30) എന്നിവരാണ് അറസ്റ്റിലായത്. താമരശ്ശേരി ഡിവൈ.എസ്.പി. ഇൻ ചാർജ് പി. പ്രമോദ്, താമരശ്ശേരി ഇൻസ്പെക്ടർ എ. സായൂജ്‌കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം താമരശ്ശേരി നഗരത്തിലെ ഒരു ലോഡ്‌ജിൽ വെച്ചാണ് ഇരുവരെയും പിടികൂടിയത്.

കർണാടകയിലും വയനാട് അമ്പലവയലിലും കുഴൽപ്പണം കടത്തുന്ന സംഘത്തെ കവർച്ച ചെയ്ത കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ചയാളാണ് അജിത്തെന്ന് പോലീസ് അറിയിച്ചു. ഒട്ടേറെ അക്രമക്കേസുകളിൽ പ്രതിയാണ് സുബീഷ്. മൈസൂരുവിൽ നിന്ന് കൊടുവള്ളിയിലേക്ക് സ്വർണം വാങ്ങാൻ പണവുമായി വരാറുള്ള മൈസൂരു ലഷ്‌കർ മൊഹല്ല സ്വദേശി വിശാൽ ദശത് മഡ്‌കരി (27) യെക്കുറിച്ചുള്ള വിവരം കവർച്ചസംഘത്തിന് കൈമാറിയത് സുബീഷ് ആയിരുന്നെന്ന് പോലീസ് പറയുന്നു. 13-ന് രാവിലെ എട്ടുമണിക്ക് താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിന് താഴെവെച്ച് വിശാൽ ദശത് മഡ്കരിയെ ആക്രമിച്ച് കവർച്ച നടത്തുന്നതിന് രണ്ടുദിവസം മുമ്പുതന്നെ താമരശ്ശേരി നഗരത്തിലെ ഒരു ലോഡ്‌ജിൽ ഇരുവരും ചേർന്ന് മുറിയെടുത്ത് കവർച്ചയുടെ ആസൂത്രണത്തിൽ പങ്കാളികളായിരുന്നു. സുബീഷിന്റെ മുട്ടുകടവിലെ വീട്ടുപരിസരത്തുവെച്ചാണ് പ്രതികൾ കാറുകളുടെ നമ്പർപ്ലേറ്റുകൾ മാറ്റിയത്. ഇരുവരുടെയും അറസ്റ്റോടെ കേസിൽ ഇതിനകം മൊത്തം നാലുപേർ പിടിയിലായി. അക്രമിസംഘം സഞ്ചരിച്ച കാറുകളിലൊന്ന് വാടകയ്ക്കെടുക്കുകയും കവർച്ചയുടെ ഭാഗമാവുകയും ചെയ്ത തൃശ്ശൂർ കൊടുങ്ങല്ലൂർ പുല്ലൂറ്റ് അലങ്കാരത്ത്പറമ്പിൽ വീട്ടിൽ ഷാമോൻ (23), എറണാകുളം ചെട്ടിക്കാട് കുഞ്ഞിത്തെ കളത്തിൽവീട്ടിൽ തോമസ് എന്ന തൊമ്മൻ (40) എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: