കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ അന്തിമ പോളിങ് 72.86 ശതമാനമെന്ന് ജില്ലാകലക്ടർ. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ 1.98% കുറവാണ് രേഖപ്പെടുത്തിയത്. വോട്ട്
രേഖപ്പെടുത്തുന്നതിൽനിന്ന് തടയാൻ ചിലർ സംഘടിത നീക്കം നടത്തിയെന്ന യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ ആരോപണം ജില്ലാ കലക്ടർ വി വിഘ്നശ്വരി തള്ളി.
പുതുപ്പള്ളി മണ്ഡലത്തിന്റെ അതിർത്തി പുനർനിർണയിച്ച ശേഷമുള്ള ഏറ്റവും കുറഞ്ഞ പോളിങ് ശതമാനമാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. തപാൽ വോട്ടുകൾ കൂട്ടാതെയുള്ള കണക്കാണിത്. പെട്ടെന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും, വിദേശത്തുള്ളവർക്ക് ഉടൻ വരാൻ കഴിയാതിരുന്നതുമാകും പോളിങ് ശതമാനം കൂടാതിരിക്കാൻ കാരണമെന്ന് ജില്ലാ കലക്ടർ പറഞ്ഞു.
179 പോളിങ് സ്റ്റേഷനുകളിലും വൈകീട്ട് ആറു മണിക്ക് തന്നെ വോട്ടെടുപ്പ് പൂർത്തിയാക്കാനായി. പോളിങ് വൈകിയതിൽ തെറ്റില്ല. സാങ്കേതിക തകരാർ മൂലമല്ല പോളിങ് വൈകിയത്. പോളിങ് വൈകിയ മൂന്ന് ബൂത്തുകളിലും വൈകിട്ട് 6.40ഓടെ വോട്ടെടുപ്പ് പൂർത്തിയായെന്നും കലക്ടർ പറഞ്ഞു.
