ബെംഗളൂരു: വാതുവെപ്പിൽ പണം നഷ്ടപ്പെട്ടതിനെത്തുടർന്ന് കുടുംബത്തിലെ മൂന്നുപേർ ജീവനൊടുക്കി. ഓൺലൈൻ ഗെയിമിംഗിൽ കടം വാങ്ങിയ പണം നഷ്ടപ്പെട്ടതിനെത്തുടർന്നാണ് മൂവരും ജീവനൊടുക്കിയത്. മൈസൂരുവിനടുത്തുള്ള ഹഞ്ച്യ ഗ്രാമത്തിനടുത്താണ് സംഭവം. ജോഷ് ആന്റണി (33), ഇരട്ട സഹോദരൻ ജോബി ആന്റണി (33), ജോബിയുടെ ഭാര്യ സ്വാതി എന്നറിയപ്പെടുന്ന ഷർമിള (28) എന്നിവരാണ് മരിച്ചത്. ഓൺലൈൻ ഗെയിമിംഗിൽ ജോബിയും ശർമിളയും പലരിൽ നിന്ന് 80 ലക്ഷം രൂപ കടം വാങ്ങിയതായി പോലീസ് പറഞ്ഞു.
ഐ.പി.എൽ ക്രിക്കറ്റ് മത്സരങ്ങളിലും ഓൺലൈൻ ഗെയിമുകളിലും വാതുവെപ്പ് നടത്തിയതിലൂടെ ജോബി ആന്റണിക്കും ഷർമിളക്കും ഗണ്യമായ തുക നഷ്ടപ്പെട്ടതായി പൊലീസ് പറഞ്ഞു. അവർക്ക് പണം കടം കൊടുത്തിരുന്ന ആളുകൾ തിരികെ ആവശ്യപ്പെട്ട് അവരെ പതിവായി സന്ദർശിക്കാറുണ്ടായിരുന്നു. ജോബിയും ഷർമിളയും ഒരുമിച്ചാണ് താമസിച്ചിരുന്നതെന്നും എന്നാൽ കടം തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് ആളുകൾ വീട്ടിലെത്തിയതിനെ തുടർന്ന് ആറുമാസം മുമ്പ് താമസം മാറിയെന്നും ജോഷിയുടെയും ജോബിയുടെയും സഹോദരി മേരി പറഞ്ഞു.
കടുത്ത സമ്മർദത്തിലും ദുഃഖത്തിലും ആയിരുന്ന ജോഷ് ആന്റണിയാണ് തിങ്കളാഴ്ച ആദ്യം തൂങ്ങിമരിച്ചത്. മരിക്കുന്നതിനുമുമ്പ് ജോബി ആന്റണിയും ഷർമിളയും സഹോദരിയുടെ പേര് ഉപയോഗിച്ച് വഞ്ചനാപരമായി വായ്പ നേടിയെന്ന് ആരോപിക്കുന്ന ഒരു വിഡിയോ റെക്കോഡുചെയ്തു. ‘എന്റെ സഹോദരിക്ക് ഭർത്താവില്ല, ജോബിയും ഭാര്യയും അവൾക്കെതിരെ വഞ്ചന നടത്തിയിട്ടുണ്ട്. എന്റെ മരണത്തിന് എന്റെ സഹോദരൻ ജോബി ആന്റണിയും ഭാര്യ ഷർമിളയുമാണ് ഉത്തരവാദികൾ. അവർ ശിക്ഷിക്കപ്പെടണം’, വിഡിയോയിൽ ജോഷ് പറഞ്ഞു. ജോഷിന്റെ ആത്മഹത്യയെക്കുറിച്ച് അറിഞ്ഞയുടനെ ജോബി ആന്റണിയും ഷർമിളയും ചൊവ്വാഴ്ച തൂങ്ങിമരിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.