കല്പറ്റ : ആരോഗ്യമേഖലയിൽ ഒന്നാമതാകാനുള്ള കുതിപ്പ് തുടരുമ്പോഴും മരണാനന്തര അവയവദാനത്തിൽ പിന്നാക്കമാണ് കേരളം. ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി 83 പേരാണ് അവയവദാന മേൽനോട്ടച്ചുമതലയുള്ള ‘കെസോട്ടോ’(കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷു ട്രാൻസ്‌പ്ളാന്റ് ഓർഗനൈസേഷൻ)യിൽ രജിസ്റ്റർചെയ്ത് കാത്തിരിക്കുന്നത്. അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയയിൽ സർക്കാർ-സർക്കാരിതര ആശുപത്രികളെ നിയന്ത്രിക്കുന്നത് കെസോട്ടോയാണ്. രോഗിയുടെ പ്രായം, രോഗാവസ്ഥ തുടങ്ങിയവ പരിശോധനയ്ക്കു വിധേയമാക്കിയശേഷമാണ് മുൻഗണനാക്രമത്തിൽ ശസ്ത്രക്രിയ നടത്തുന്നത്.
2012 മുതൽ 2024 വരെ സർക്കാർ ആശുപത്രികളിൽ 11-ഉം സ്വകാര്യ ആശുപത്രികളിൽ 72-ഉം ഹൃദയശസ്ത്രക്രിയകളാണ് നടന്നത്.
അവയവദാനനിരക്ക് കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ആശുപത്രികളിൽ ഡോക്ടർമാർ മസ്തിഷ്കമരണം നിർണയിക്കുന്നത് കുറഞ്ഞതാണ്. തലച്ചോറിന്റെ പ്രവർത്തനം പൂർണമായും നിലച്ചശേഷമാണ് മരണം പ്രഖ്യാപിക്കുന്നത്. ഈ ഘട്ടത്തിലാണ് അവയവം മാറ്റിവെക്കുക. ബന്ധുക്കളോട് അവയവദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ആവശ്യമായ ബോധവത്കരണം ഡോക്ടർമാർ നടത്തുന്നില്ലെന്നും പറയുന്നു.
മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നവരുടെ ബന്ധുക്കൾ അവയവദാനത്തിന് തയ്യാറായാൽ കാത്തിരിക്കുന്നവർക്ക് അത് പുതുജീവൻ പകരും.
*അവയവദാനത്തിൽ കേരളം പിന്നോട്ട്*
13 വർഷത്തിനിടെ 387 പേർമാത്രമാണ് കേരളത്തിൽ മരണാനന്തരം അവയവം ദാനംചെയ്തത്. അതേസമയം, 2015-17 കാലയളവിൽ രാജ്യത്തുതന്നെ അവയവദാനരംഗത്ത് മുൻനിരയിലെത്തിയ സംസ്ഥാനമാണ് കേരളം. 2015-ൽ 76-ഉം 2016-ൽ 72-ഉം ദാതാക്കളുണ്ടായിരുന്നു. ക്രമേണ ഇത് കുറഞ്ഞു. 2024-ൽ 11 അവയവദാനം മാത്രമാണുണ്ടായത്.
വൃക്ക, കരൾ, ശ്വാസകോശം, ചെറുകുടൽ, പാൻക്രിയാസ്, ഹൃദയം തുടങ്ങി വിവിധ അവയവങ്ങളിലായി 1108 ശസ്ത്രക്രിയകൾ നടന്നു. 2025-ൽ ഇതുവരെ മസ്തിഷ്കമരണം സംഭവിച്ച ഒൻപതുപേരിൽനിന്നായി 24 അവയവമാറ്റ ശസ്ത്രക്രിയകളാണ് നടന്നത്. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യംചെയ്യുമ്പോൾ 12-ാം സ്ഥാനത്താണ് കേരളം.
അവയവദാനത്തിന് സന്നദ്ധത അറിയിച്ച് സംസ്ഥാനത്ത് 5891 പേർ മാത്രമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 51,506 പേർ രജിസ്റ്റർചെയ്ത മഹാരാഷ്ട്രയാണ് മുൻപിൽ.
കൂടുതൽപ്പേരും രജിസ്റ്റർചെയ്ത് കാത്തിരിക്കുന്നത് വൃക്കയ്ക്കുവേണ്ടിയാണ്. ഈ വർഷം ഇതുവരെ 14 വൃക്കയാണ് ദാനംചെയ്തത്. 2024-ൽ 19-ഉം 2023-ൽ 32-ഉം വൃക്കദാനം നടന്നു.
