Headlines

നെല്ല് സംഭരണം 879 കോടി രൂപ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു




തിരുവനന്തപുരം : സംസ്ഥാനത്താകെ സംഭരിച്ച നെല്ലിന്റെ വില 1512.9 കോടി രൂപയാണ്. ഇതില്‍ 879.95 കോടി രൂപ ഇതിനോടകം വിതരണം ചെയ്തു കഴിഞ്ഞു. നെല്ലിന്റെ സംഭരണവില കര്‍ഷകര്‍ക്ക് പി.ആര്‍.എസ് വായ്പയായിട്ടാണ് നല്‍കി വരുന്നത്. കര്‍ഷകര്‍ക്ക് നെല്ലിന്റെ വില നല്‍കുന്ന നടപടികള്‍ ഊര്‍ജ്ജിതമാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ നിര്‍ദ്ദേശം നല്‍കി.

2023 -24 ലെ രണ്ടാം വിളവെടുപ്പില്‍ സംസ്ഥാനത്താകെ 5,34,215.86 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചു. ഏറ്റവും കൂടുതല്‍ സംഭരിച്ചത് പാലക്കാട് ജില്ലയില്‍ നിന്നാണ്, 1,79,729.94 മെട്രിക് ടണ്‍. രണ്ടാമത് ആലപ്പുഴ ജില്ല 1,53,752.55. തൃശൂരില്‍ 77,984.84 കോട്ടയത്ത് 65,652.33 മെട്രിക് ടണ്‍ നെല്ലാണ് സംഭരിച്ചിട്ടുള്ളത്. പാലക്കാട് ജില്ലയില്‍ നെല്ല് സംഭരണം ഏറക്കുറെ പൂര്‍ത്തിയായി.

SBI, CANARA BANK കളാണ് നിലവില്‍ പി.ആര്‍.എസ് വായ്പയായി സംഭരണവില നല്‍കിവരുന്നത്. ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായി ഏര്‍പ്പെട്ട കരാര്‍ പ്രകാരം 224.26 കോടി രൂപ കൂടി പി.ആര്‍.എസ് വായ്പയായി ലഭ്യമാക്കാന്‍ കഴിയുന്നതാണ്. ഇതു കൂടാതെ MSP ഇനത്തില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ തുകയില്‍ 130 കോടി രൂപ കൂടി സപ്ലൈകോയുടെ കൈവശം ഉണ്ട്. 2023-24 ലെ നാലാം പാദത്തില്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കേണ്ട 195.38 കോടി രൂപയും 2024-25 ലെ ഒന്നാം പാദത്തിലെ മുന്‍കൂര്‍ ക്ലെയിമായ 376.34 കോടി രൂപയും അടക്കം കേന്ദ്രസര്‍ക്കാരില്‍ നിന്ന് നാളിതുവരെ 1079.51 കോടി രൂപ ക്ലയിമുകള്‍ സംസ്ഥാനത്തിന് ലഭിക്കാനുണ്ട്.

സംസ്ഥാനത്ത് അനുഭവപ്പെട്ട അധികഠിനമായ വരള്‍ച നെല്ലിന്റെ ഗുണനിലവാരത്തെ സാരമായി ബാധിക്കുകയുണ്ടായി. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഗുണനിലവാര മാനദണ്ഡത്തിന് അനുസൃതമല്ലാത്ത നെല്ല് സംഭരിക്കുമ്പോള്‍ മില്ലുകള്‍ കിഴിവ് ആവശ്യപ്പെടുകയും കര്‍ഷകരുമായി തര്‍ക്കമുണ്ടാകുകയും ചെയ്യുന്ന സ്ഥിതി നിലവിലുണ്ട്. സംസ്ഥാനത്ത് ഉത്പാദിപ്പിക്കപ്പെടുന്ന മുഴുവന്‍ നെല്ലും സംഭരിക്കണമെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ ഈ സീസണില്‍ വരള്‍ച മൂലം നെല്ലിന്റെ ഗുണനിലവാരത്തിലുണ്ടായ കുറവ് കാരണം മില്ലുടമകളുടെ ഭാഗത്തു നിന്നും കൂടുതല്‍ കിഴിവ് ആവശ്യപ്പെടുന്ന സാഹചര്യമുണ്ടായി. ഇതിനെ ഒരു പൊതുപ്രശ്‌നമായി കണ്ട് കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നകാര്യം കൃഷി വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

നെല്ലിന്റെ ഔട്ട് ടേണ്‍ റേഷ്യോ 68 ശതമാനമായി കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. അതായത് സപ്ലൈകോയില്‍ കരാറില്‍ ഏര്‍പ്പെട്ട മില്ലുകള്‍ ഒരു ക്വിന്റല്‍ നെല്ല് സംഭരിച്ച് സംസ്‌കരിച്ച് തിരികെ നല്‍കേണ്ടത് 68 കിലോ ഗ്രാം അരിയാണ്. എന്നാല്‍ കാലാവസ്ഥാ വ്യതിയാനവും മറ്റുമൂലം ഈ ഔട്ട് ടേണ്‍ റേഷ്യോ ലഭിക്കുന്നില്ല എന്ന പരാതിയും മില്ലുകാര്‍ക്കുണ്ട്. കൂടാതെ ഗുണമേന്മ കുറഞ്ഞ നെല്ല് കൃഷി ചെയ്യുന്ന കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന നെല്ലിലെ ഔട്ട് ടേണ്‍ റേഷ്യോയില്‍ വരുന്ന കുറവ് ചൂണ്ടിക്കാണിച്ചു കൊണ്ട് ഇത്തരം നെല്ല് സംഭരിക്കാന്‍ മില്ലുകള്‍ വിമുഖത കാണിക്കുകയും ചെയ്യുന്ന വിഷയവും നിലവിലുണ്ട്. നെല്ല് സംഭരണം ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ചുമതലയിലാണെങ്കിലും ആയതിന്റെ പരിധിയ്ക്ക് പുറത്തു വരുന്ന പല വിഷയങ്ങളും നെല്ല് സംഭരണത്തെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങളെല്ലാം കൃഷി വകുപ്പിന്റെയും സര്‍ക്കാരിന്റെയും ശ്രദ്ധയില്‍ കൊണ്ടു വരാന്‍ ഒരുങ്ങുകയാണ് ഭക്ഷ്യ സിവില്‍ സപ്ലൈസ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: