കോഴിക്കോട്: അമ്മാവനുമായി വഴക്കിട്ടെന്ന പേരിൽ ആദിവാസി വിഭാഗക്കാരനായ വിദ്യാർത്ഥിയെ പോലീസ് മർദിച്ചതായി പരാതി. കുന്ദമംഗലം എസ്ഐയുടെ നേതൃത്വത്തിലുളള സംഘമാണ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്ന് താമരശേരി ഡിവൈഎസ്പി അറിയിച്ചു. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവം. മാതാപിതാക്കള്‍ ജോലി സ്ഥലത്തായിരുന്നതിനാല്‍ അമ്മവീട്ടിലായിരുന്നു കുട്ടി കുറച്ച് നാളായി താമസിച്ചിരുന്നത്.
പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ വൈകിയെന്ന പേരില്‍ മദ്യ ലഹരിയിലായിരുന്ന അമ്മാവന്‍ മകനെ കൈയ്യേറ്റം ചെയ്യുകയായിരുന്നെന്ന് കുട്ടിയുടെ പിതാവ് പറയുന്നു. മകന്‍ മര്‍ദ്ദനം ചെറുക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം രൂക്ഷമായി. പ്രശ്നപരിഹാരത്തിനായി ബന്ധുക്കള്‍ കുന്ദമംഗലം പൊലീസില്‍ വിവരം അറിയിച്ചു. എന്നാല്‍ സ്ഥലത്തെത്തിയ പൊലീസ് മകനോട് കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് ചോദിച്ച് മര്‍ദ്ദിക്കുകയുമായിരുന്നെന്ന് പിതാവ് പറയുന്നു.
ആദ്യം എസ്ഐയും പിന്നീട് കൂടെ ഉണ്ടായിരുന്ന പൊലീസുകാരും മര്‍ദ്ദിച്ചുവെന്ന് കുട്ടി പറയുന്നു. മര്‍ദ്ദനത്തില്‍ കുട്ടിയുടെ തലയ്ക്കും ശരീത്തിന്റെ മറ്റു ഭാഗങ്ങളിലും പരിക്കേറ്റുവെന്നും മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും കാട്ടി പിതാവ് ചൈല്‍ഡ് ലൈനിലും പട്ടികവര്‍ഗ്ഗ വകുപ്പിലും പരാതി നല്‍കി. തുടര്‍ന്ന് കുന്ദമംഗംലം ഇന്‍സ്പെക്ടര്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി താമരശേരി ഡിവൈഎസ്പി അറിയിച്ചു
