വൈഗ കൊലക്കേസ്; പിതാവ് സനു മോഹന് ജീവപര്യന്തം

കൊച്ചി: വൈഗ കൊലക്കേസില്‍ പ്രതി സനു മോഹന് ജീവപര്യന്തം. കൊലപാതകം ഉള്‍പ്പടെ ചുമത്തിയ അഞ്ച് വകുപ്പുകളും പ്രതിയ്‌ക്കെതിരെ തെളിഞ്ഞു. കൊലപാതക കുറ്റത്തിനാണ് ജീവപര്യന്തം. മറ്റു കുറ്റകൃത്യങ്ങൾക്ക് 28 വർഷത്തെ തടവും എറണാകുളം പോക്സോ കോടതി വിധിച്ചു. പത്തുവയസുള്ള മകള്‍ വൈഗയെ ശ്വാസം മുട്ടിച്ച് കൊന്ന് പുഴയിലെറിഞ്ഞതാണ് സനു മോഹനെതിരെയുള്ള കുറ്റം.

മകളുടെ മരണത്തിന് പിന്നാലെ അച്ഛനെ കാണാതായതും തുടര്‍ന്ന് നടത്തിയ അന്വേഷണവുമാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിന്‍റെ ചുരുളഴിച്ചത്. 2021 മാര്‍ച്ച് 21 നാണ് കാക്കനാട് കങ്ങരപ്പടിയിലെ ഫ്ലാറ്റില്‍ താമസിച്ചിരുന്ന അച്ഛനെയും മകളെയും കാണാതായെന്ന് വാര്‍ത്ത പരക്കുന്നത്. കായംകുളത്തെ വീട്ടില്‍ നിന്ന് അമ്മയോട് യാത്ര പറഞ്ഞ് പുറപ്പെട്ടതിനുശേഷം ഇരുവരെയും ബന്ധപ്പെടാന്‍ സാധിക്കുന്നില്ല. നാടുനീളെ പൊലീസ് അന്വേഷണം തുടങ്ങി. ഒരു രാത്രി ഇരുട്ടിവെളുത്തപ്പോഴാണ് കൊച്ചി മുട്ടാര്‍ പുഴയിലൊരു കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ വൈഗയാണെന്ന് തിരിച്ചറിഞ്ഞു. അപ്പോഴും വൈഗയുടെ അച്ഛനെവിടെ എന്ന് അന്വേഷണത്തിലായിരുന്നു പൊലീസ്. പതിയെ മകള്‍ക്കൊപ്പം കാണാതായ അച്ഛന്‍ മകളെ കൊന്നശേഷം രക്ഷപ്പെടതാണെന്ന നിഗമനത്തില്‍ പൊലീസെത്തി.

ഒരു മാസത്തെ തെരച്ചിലിനൊടുവില്‍ കര്‍ണാടകയിലെ കാര്‍വാറില്‍ നിന്ന് സനുമോഹന്‍ പിടിയിലായതോടെയാണ് ക്രൂര കൊലപാതകത്തിന്‍റെ ചുരുളഴിയുന്നത്. മകളെ ഇല്ലാതാക്കുകയായിരുന്നു അച്ഛന്‍റെ ലക്ഷ്യം. കരീലകുളങ്ങരയിലേക്കെന്നുപറഞ്ഞ് വൈകയുമായി യാത്രതിരിച്ച സനു
മോഹന്‍ വഴിയില്‍വച്ച് കോളയില്‍ മദ്യം കലര്‍ത്തി 10 വയസുകാരിയെ കുടിപ്പിച്ചു. തുടര്‍ന്ന് ഫ്ലാറ്റിലെ വിസിറ്റിംഗ് മുറിയില്‍ വെച്ചാണ് മുണ്ട് കൊണ്ട് കുഞ്ഞിന്‍റെ കഴുത്ത് മുറുക്കി ശരീരത്തോട് ചേര്‍ത്തുപിടിച്ച് ശ്വാസം മുട്ടിച്ചു. ബോധരഹിതയായ കുട്ടിയെ ബെഡ് ഷീറ്റില്‍ പുതഞ്ഞാണ് പ്രതി മുട്ടാര്‍ പുഴയിലേക്ക് എത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. വൈഗയുടെ മൂക്കില്‍ നിന്ന് പൊടിഞ്ഞ രക്തതുള്ളികള്‍ ബെഡ്ഷീറ്റ് ഉപയോഗിച്ച് തുടച്ച് തെളിവ് നശിപ്പിക്കാനും പ്രതി ശ്രമിച്ചു.

കൊലപാതകത്തിന് ശേഷം സംസ്ഥാനം വിട്ട സനുമോഹന്‍ കോയമ്പത്തൂരിലേക്കാണ് ഒളിവില്‍ പോയത്. കുഞ്ഞിന്‍റെ ശരീരത്തില്‍ ധരിച്ചിരുന്ന ആഭരം കൈക്കലാക്കിയായിരുന്നു യാത്ര. അത് വിറ്റ് കിട്ടുന്ന പണംകൊണ്ട് വിദേശത്തേക്ക് കടക്കുകയായിരുന്നു ലക്ഷ്യം. ബെംഗളൂരു, മുംബൈ, ഗോവ, മുരുഡേശ്വര്‍, മൂകാമ്പിക തുടങ്ങിയ സ്ഥലങ്ങളില്‍ മുങ്ങി നടന്ന സനുമോഹനെ ഒരു മാസത്തോളമെടുത്താണ് പൊലീസ് പിടികൂടിയത്. കൊലപാതകവും തെളിവ് നശിപ്പിക്കലുമടക്കമുള്ള വകുപ്പുകളും ജുവനൈല്‍ നിയമവുമാണ് സനു മോഹനെതിരെ ചുമത്തിയിരിക്കുന്നത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: