അയോദ്ധ്യ: 15,000-ത്തിലധികം വരുന്ന വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിച്ച് നരേന്ദ്ര മോദി. ലോകം മുഴുവൻ ജനുവരി 22-നായി കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. “വികസനത്തിലൂന്നി മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്ന ഏതൊരു രാജ്യവും അവരുടെ പൈതൃകത്തെ മുറുകെ പിടിക്കുമ്പോഴാണ് ഉയരങ്ങൾ കീഴടക്കുക. ഒരുകാലത്ത് ചെറിയൊരു കൂടാരത്തിൽ കഴിയേണ്ടി വന്ന രാംലല്ലയ്‌ക്ക് ഇന്ന് വീടൊരുങ്ങിയിരിക്കുകയാണ്. ഒപ്പം രാജ്യത്തെ 4 കോടി വരുന്ന പാവപ്പെട്ടവർക്കും ഇന്ന് വീട് ലഭിച്ചിരിക്കുന്നു. അയോദ്ധ്യയിലെ വികസനം അയോദ്ധ്യയിലെ ജനങ്ങൾക്കും പുരോഗതി നൽകും. ഇവിടെ പുതിയ ജോലി സാധ്യതകളും അവസരങ്ങളും വർദ്ധിക്കും.
വികസിത ഭാരത്തിലേക്കുള്ള യാത്രയിൽ അയോദ്ധ്യ നൽകുന്നത് വലിയ ഊർജ്ജമാണ്. പ്രാണപ്രതിഷ്ഠയ്‌ക്കായി ലോകം കാത്തിരിക്കുന്നു. ഏറെ കൗതുകത്തോടെയാണ് ആ അസുലഭ നിമിഷത്തിനായി ഞാനും കാത്തിരിക്കുന്നത്. പ്രാണപ്രതിഷ്ഠാ ദിനം ലോകം മുഴുവനും ആഘോഷിക്കുമ്പോൾ രാജ്യത്തെ ഓരോ വീടുകളിലും ആഘോഷം നിറയണം. വീടുകളിൽ ശ്രീരാമജ്യോതി കൊളുത്തണമെന്നും അദ്ദേഹം പറഞ്ഞു.
വികസനവും പാരമ്പര്യവും ഭാരതത്തെ ശക്തമായി മുന്നോട്ട് നയിക്കും. അയോദ്ധ്യയിലേക്കുള്ള കണക്ടിവിറ്റി കൂടുതൽ മെച്ചപ്പെട്ടതാക്കാനാണ് സർക്കാർ പരിശ്രമിക്കുന്നത്. രാജ്യത്തിന്റെ വിവിധ നഗരങ്ങളിൽ നിന്നും അയോദ്ധ്യയിലേക്ക് ജനങ്ങളെ എത്തിക്കുന്നതിന് വേണ്ട എല്ലാ സൗകര്യങ്ങളും ഇവിടെ പ്രാപ്തമാക്കും. അയോദ്ധ്യയെ സ്മാർട്ട് സിറ്റിയാക്കുകയെന്നതാണ് ലക്ഷ്യം.
15,000 കോടിയിലധികം വരുന്ന വികസന പദ്ധതികളുടെ ഉദ്ഘാടനം ഇവിടെ നടന്നുകഴിഞ്ഞിരിക്കുന്നു. അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട ഈ പദ്ധതികളെല്ലാം രാജ്യത്തിന്റെ ഭൂപടത്തിൽ ആധുനിക അയോദ്ധ്യയെ അഭിമാനത്തോടെ പ്രതിനിധീകരിക്കും. തീർത്ഥാടന കേന്ദ്രങ്ങളെ അതിമനോഹരമായി നിലനിർത്തുന്നതാണ് ഇന്നത്തെ ഇന്ത്യ. ഒപ്പം, ഡിജിറ്റൽ സാങ്കേതിക വിദ്യയിലും ഭാരതം മുന്നിലാണ്.
വന്ദേഭാരത് ട്രെയിനുകൾ, നമോ ഭാരത് ട്രെയിനുകൾ.. ഇപ്പോഴിതാ രാജ്യത്തിന് പുതിയ ട്രെയിൻ കൂടി ലഭിച്ചിരിക്കുകയാണ്. അമൃത് ഭാരത് ട്രെയിനുകൾ.. ഈ മൂന്ന് ട്രെയിനുകളും രാജ്യത്തെ റെയിൽവേ മേഖലയെ വികസനക്കുതിപ്പിലേക്ക് നയിക്കും.
ഡിസംബർ 31 എന്ന ഈ ദിവസം നേരത്തെയും ചരിത്രത്തിലിടം നേടിയിട്ടുള്ളതാണ്. 1943 ഇന്നേ ദിവസം നേതാജി സുഭാഷ് ചന്ദ്രബോസ് ആൻഡമാനിൽ ഭാരതത്തിന്റെ ദേശീയ പതാക ഉയർത്തിയ ദിനമാണെന്ന് നിങ്ങളെ ഓർമ്മിപ്പിക്കാൻ ഞാനാഗ്രഹിക്കുന്നു.”- പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
