കാട്ടാക്കട നരുവാമൂട്ടിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടി കൊലപ്പെടുത്താൻ ശ്രമം

കാട്ടാക്കട: നരുവാമൂട്ടിൽ  ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടി കൊലപ്പെടുത്താൻ ആർഎസ്എസ് ശ്രമം. ഡിവൈഎഫ്ഐ നരുവാമൂട് യൂണിറ്റ് പ്രസിഡന്റ് അജീഷി (24) നെയാണ് ആർഎസ്എസ് അക്രമികൾ കൊലപ്പെടുത്താൻ ശ്രമിച്ചത്. 1992 – ൽ ഡിവൈഎഫ്ഐ സിപിഐഎം പ്രവർത്തകരായിരുന്ന സുദർശനനേയും ചന്ദ്രനേയും വെട്ടി കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ കഴിഞ്ഞ് ജയിൽ മോചിതനായ ആർഎസ്എസ് പ്രവർത്തകൻ സജുവിന്റെ നേതൃത്വത്തിൽ പ്രസാദ്, ഷാൻ, പപ്പൻ എന്നിരടങ്ങിയ നാലംഗ സംഘമാണ് പട്ടാപ്പകൽ അക്രമം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ അജീഷ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. നരുവാമൂട് ഹോമിയോ ആശുപത്രിയ്ക്ക് സമീപം ഡിവൈഎഫ്ഐ പ്രവർത്തകനായ വിഷ്ണുവിന്റെ വീട്ടിൽ നിന്നും ബൈക്കിന്റെ താക്കോൽ വാങ്ങുന്നതിനായി അജീഷും ഡിവൈഎഫ്ഐ നരുവാമൂട് യൂണിറ്റ് സെക്രട്ടറി അരുണും എത്തിയപ്പോൾ രണ്ട് ബൈക്കുകളിലായി എത്തിയ അക്രമി സംഘം വടിവാളും കമ്പി വടികളുമായി ആക്രമിക്കുകയായിരുന്നു.

ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടു. തലയ്ക്ക് വെട്ടേൽക്കുകയും കൈയ്ക്കും കാലിനും പൊട്ടലേറ്റ അജീഷിനെ നാട്ടുകാർ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റ അജീഷ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

സംഭവത്തിൽ കേസെടുത്ത നരുവാമൂട് പോലീസ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു. പ്രതികളായ സജുവും പ്രസാദും  നരുവാമൂട് പോലീസ് സ്റ്റേഷനിൽ നിരവധി കേസുകളിൽ പ്രതിയും  റൗഡി ലിസ്റ്റിൽപ്പെട്ടവരുമാണ്. നരുവാമൂട് ജംഗ്ഷനിൽ മഹാലിംഗഘോഷയാത്ര കമ്മിറ്റിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് ആർഎസ്എസ് ക്രിമിനൽ സംഘത്തിന്റെ ലഹരി ഉപയോഗവും സാമൂഹ്യ വിരുദ്ധ പ്രവർത്തനവും നടക്കുന്നത്. ഈ ഓഫീസിന് മുന്നിലെ പരസ്യ മദ്യപാനവും ലഹരി ഉപയോഗത്തിനെതിരേയും നാട്ടുകാർ പലതവണ പരാതിപ്പെട്ടിട്ടും പോലീസ് നടപടി സ്വീകരിച്ചില്ല. ഒടുവിൽ എസ്ഐയെ മദ്യലഹരിയിൽ ഒരു സംഘം അക്രമിക്കുന്നതുവരെ പോലീസ് നിഷ്കൃയമായിരുന്നു എന്നും നാട്ടുകാർ ആരോപിക്കുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് റൂറൽ എസ്പിയുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: