തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് തൃശൂർ താലൂക്ക് പരിധിയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. മുൻനിശ്ചയപ്രകാരമുള്ള പൊതു പരീക്ഷകൾക്കും കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്കും മാറ്റമുണ്ടാകില്ല. ഇന്നത്തെ അവധിക്ക് പകരം ഏതെങ്കിലും ശനിയാഴ്ച പ്രവർത്തി ദിവസമാക്കുമെന്നും കലക്ടർ വി.ആർ.കൃഷ്ണ തേജ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി തേക്കിൻകാട് മൈതാനിയിലെ പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്നതിനാലാണ് തൃശ്ശൂർ താലൂക്കിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചത്. തൃശൂർ താലൂക്കിലും പ്രധാനമന്ത്രിയുടെ യാത്രാപഥത്തിലും പ്രൈവറ്റ് ഹെലികോപ്റ്റർ, ഹെലികാം തുടങ്ങിയവക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പൊലീസിന്റെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നിരോധനമെന്ന് കലക്ടർ വി.ആർ.കൃഷ്ണ തേജ അറിയിച്ചു.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ അതീവസുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ തൃശൂരിൽ പുർത്തിയായിട്ടുണ്ട്. നഗരത്തിലും പ്രധാനമന്ത്രി വരുന്ന വഴികളിലും മുവായിരത്തിലധികം പൊലീസുകാരെ വിന്യസിപ്പിക്കും. പ്രധാനമന്ത്രിയുടെ സുരക്ഷാ സംഘം വേറെയും ഉണ്ടാകും. പൂരനഗരി സ്‌പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റേയും കേന്ദ്ര സേനയുടെയും നീരീക്ഷണത്തിലാണ്. നഗര സുരക്ഷ എസ് പി ജി ഏറ്റെടുത്തു. പരിപാടി റിപ്പോർട്ട് ചെയ്യുന്നതിന് മാധ്യമങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഇടവിട്ട് ബോംബ് സ്‌ക്വാഡിന്റെ പരിശോധനയുണ്ട്. നായക്കനാലിൽനിന്നും തേക്കിൻകാട് മൈതാനിയിലേക്കുള്ള കവാടം പൂർണമായും എസ് പി ജിയുടെയും മറ്റു പൊലീസ് സേനയുടെയും നിയന്ത്രണത്തിലാണ്. കനത്ത പരിശോധനയ്ക്കുശേഷമാണ് ബന്ധപ്പെട്ടവരെപ്പോലും പ്രധാനകടത്തിവിടുന്നത്. മോദി പ്രസംഗിക്കുന്ന വേദിക്കു ചുറ്റുവട്ടത്തുള്ള ലോഡ്ജുകളിലും മറ്റും താമസിക്കുന്നവരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു.
ഇന്ന് ഉച്ചയോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തുന്നത്. ഉച്ചയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി തുടർന്ന് തൃശൂരിലേക്ക് പോകും. തേക്കിൻകാട് മൈതാനം ചുറ്റിയുള്ള റോഡ് ഷോയ്ക്ക് ശേഷം നടക്കുന്ന മഹിളാ സമ്മേളനത്തിൽ മോദി സംസാരിക്കും. ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം അംഗം മിന്നു മോൾ, ഗായിക വൈക്കം വിജയലക്ഷ്മി, പെൻഷൻ കുടിശിക കിട്ടുന്നതിനായി സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതിയെ സമീപിച്ച മറിയക്കുട്ടി ഉൾപ്പടെയുള്ളവർ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇന്നലെ തമിഴ്‌നാട്ടിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. ലോക്സഭ തെരഞ്ഞെടുപ്പിന് കാഹളം മുഴങ്ങിയിരിക്കെ, വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി തമിഴ്‌നാട്ടിലെത്തിയത്. റോഡ്-റെയിൽ-വ്യോമ ഗതാഗത മേഖലയിലായി 19,500 കോടി രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.
