ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ സൂര്യദൗത്യമായ ആദിത്യ എൽ വൺ ലക്ഷ്യസ്ഥാനത്ത്. വൈകീട്ട് നാലുണിയോടെയാണ് ആദിത്യ എൽ വൺ ഒന്നാം ലഗ്രാഞ്ച് പോയിന്റിന് ചുറ്റുമുള്ള ഓർബിറ്റിൽ പ്രവേശിച്ചത്. വിജയവാർത്ത നരേന്ദ്രമോദിയാണ് എകസിലൂടെ അറിയിച്ചത്. ഇത് അക്ഷീണ പരിശ്രമത്തിന്റെ വിജയമാണെന്നും രാജ്യം മറ്റൊരു നാഴികകല്ലുകൂടി സൃഷ്‌ടിച്ചെന്നും മോദി എക്സില് കുറിച്ചു
ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയാണ് ഹാലോ ഓർബിറ്റെന്ന് ഐഎസ്ആർഒ അറിയിച്ചു. ബംഗളുരൂവിലെ ഐഎസ്ആർഒ ട്രാക്കിംഗ് ആൻഡ് ടെലിമെട്രി നെറ്റ്വർക്കിൽ നിന്നാണ് പേടകത്തെ നിയന്ത്രിക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബർ രണ്ടിന് വിക്ഷേപിച്ച പേടകം 126 ദിവസത്തെ യാത്രയ്ക്ക് ശേഷമാണ് നിർദ്ദിഷ്ട ലക്ഷ്യസ്ഥാനത്തെത്തുന്നത്. ദൗത്യം വിജയിച്ചാൽ ഒന്നാം ലഗ്രാഞ്ച് പോയിന്റിൽ ഉപഗ്രഹമെത്തിക്കുന്ന നാലാമത്തെ ബഹിരാകാശ ഏജൻസിയാകും ഐഎസ്ആർഒ.
ലഗ്രാഞ്ച് പോയിന്റിലെ തന്ത്രപ്രധാനമായ സ്ഥാനത്ത് നിൽക്കാൻ സാധിച്ചാൽ ഗവേഷണവുമായി ബന്ധപ്പെട്ട് അടുത്ത അഞ്ചുവർഷം പേടകം അവിടെതന്നെ തുടരുമെന്നും ഐഎസ്ആർഒ അറിയിച്ചു. ഭൂമിയുടെയും സൂര്യന്റെയും ആകർഷണവലയത്തിൽ പെടാതെ സുരക്ഷിതമായി ഗവേഷണ പ്രവർത്തനങ്ങൾ നടത്താൻ സഹായിക്കുന്ന സ്ഥാനമാണ് ലഗ്രാഞ്ച് പോയിന്റ്.
ശ്രീഹരിക്കോട്ടയിൽനിന്ന് സെപതംബർ രണ്ടിനാണ് ആദിത്യ വിക്ഷേപിച്ചത്. സൂര്യനിലെ കാലാവസ്ഥ, സൗരവാതങ്ങൾ, സൗരോപരിതല ദ്രവ്യ ഉത്സർജനം, കാന്തികമണ്ഡലം തുടങ്ങിയവ സമഗ്രമായി പഠിക്കുകയാണ് ലക്ഷ്യം. വിവിധ പഠനങ്ങൾക്കായി വെൽക്, സ്യൂട്ട്, സോളക്സ്, ഹെലിയസ്, അസ്പെക്സ്, പാപ, മാഗ് എന്നീ ഏഴ് പേലോഡുകൾ ആദിത്യയിലുണ്ട്. സൗരദൗത്യം നടത്തുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ.
