ഡോ. വന്ദന ദാസ് കൊലപാതകം; സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദന ദാസിനെ കുത്തിക്കൊന്ന സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ആവശ്യമെങ്കിൽ സ്‌പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടറെ നിയമിക്കാമെന്നും സർക്കാർ. ഡോ. വന്ദന ദാസിന്റെ മാതാപിതാക്കളാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയെ സമീപിച്ചത്.

കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രവും നൽകി. താൽപര്യമുള്ള അഭിഭാഷകന്റെ പേര് നിർദ്ദേശിക്കാൻ മാതാപിതാക്കളോട് ആവശ്യപ്പെട്ടുവെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഹർജിയിൽ കക്ഷി ചേരാൻ പ്രതി സന്ദീപിന് കോടതി അനുമതി നൽകിയിട്ടുണ്ട്. അതേസമയം സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി അന്തിമ വാദത്തിനായി ഈ മാസം 18ലേക്ക് മാറ്റി.

ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും കേസ് സിബിഐക്ക് വിടണമെന്നും ആവശ്യപ്പെട്ടാണ് ഡോ. വന്ദന ദാസിന്റെ മാതാപിതാക്കൾ കോടതിയെ സമീപിച്ചത്. കേസിലെ ഏകപ്രതി സന്ദീപിന്റെ ജാമ്യാപേക്ഷയിലും പതിനെട്ടിന് ഹൈക്കോടതി വാദം കേൾക്കും. 2023 മെയ് 10നാണ് വന്ദന ദാസ് കൊല്ലപ്പെട്ടത്. വൈദ്യപരിശോധനക്കിടെ പ്രതി സന്ദീപ് പ്രകോപിതനായി വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: