വലിയകുന്ന് താലൂക്കാശുപത്രിയിൽ രണ്ടര കോടി രൂപ ചിലവിട്ടു നിർമ്മിക്കുന്ന മെറ്റേണിറ്റി വാർഡ് മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം ഒ.എസ്.അംബിക എംഎൽഎ നിർവ്വഹിച്ചു

ആറ്റിങ്ങൽ: വലിയകുന്ന് താലൂക്കാശുപത്രിയിൽ ഗർഭിണികൾക്കും കുട്ടികൾക്കുമുള്ള പ്രസവാനന്തര ചികിൽസകൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയതായി നിർമ്മിക്കുന്ന മെറ്റേണിറ്റി ബ്ലോക്ക് ബഹുനില മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം എംഎൽഎ ഒ.എസ്.അംബിക നിർവ്വഹിച്ചു. 6348 ചതുരശ്ര അടിയിൽ നിർമ്മിക്കുന്ന മൂന്നുനില കെട്ടിടത്തിന്റെ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്കായി രണ്ടരകോടി രൂപയാണ് പ്ലാൻ ഫണ്ടിൽ നിന്നും അനുവദിച്ചത്. പ്രതിദിനം 1600 മുതൽ 2000 ത്തോളം രോഗികൾ ചികിൽസ തേടി ഇവിടെയെത്തുന്നു. കൊല്ലം ജില്ലയിലെ പാരിപ്പള്ളി മെഡിക്കൽ കോളേജിനും തിരുവനന്തപുരം മെഡിക്കൽ കോളേജിനുമിടയിൽ ദേശീയപാതക്ക് സമീപം സ്ഥിതി ചെയ്യുന്നൊരു പ്രധാന സർക്കാർ ആശുപത്രി കൂടിയാണിത്. ഡയാലിസിസ് കേന്ദ്രം, നേത്രരോഗ ചികിൽസ, ഫിസിയൊ തെറാപ്പി എന്നീ വിഭാഗങ്ങളും സമീപകാലത്താണ് ആരംഭിച്ചത്. ആശുപത്രിയങ്കണത്തിൽ വെച്ച് നടന്ന പരിപാടിയിൽ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. പ്രീതാസോമൻ സ്വാഗതം പറഞ്ഞു. വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള, സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷൻമാരായ എ.നജാം, അവനവഞ്ചേരി രാജു, പാർലമെന്റെറി പാർട്ടി നേതാവ് ആർ.രാജു തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അസി.എഞ്ചിനീയർ ആർഷ റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് കൗൺസിലർ എം.താഹിർ യോഗത്തിനു നന്ദിയും പറഞ്ഞു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: