തിരുവനന്തപുരം: വസ്തു തർക്കത്തിൻറെ പേരിൽ വൃദ്ധയുടെ കാൽ ചവിട്ടിയൊടിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര മാമ്പഴക്കരയിലാണ് സംഭവം. കാഞ്ഞിരംകുളം സ്വദേശി കൃഷ്ണകുമാറും സുഹൃത്ത് സുനിലുമാണ് ആക്രമിച്ചത്. 35 വർഷമായി വിജയകുമാറെന്ന വ്യക്തിയുടെ കൃഷിയിടത്തിലാണ് കൃഷി ചെയുന്നത്. വിജയകുമാറിൻറെ മരണ ശേഷം സഹോദരി ഭർത്താവ് കൃഷ്ണകുമാർ കൃഷിയിടം ഒഴിഞ്ഞ് തരണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്ന് ദേഹോപദ്രവം തുടങ്ങിയപ്പോൾ ഇവർ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പ്രതികളെ പൊലീസ് ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല.
ഈ മാസം ഒമ്പതിന് രാവിലെ പതിനൊന്നരയോടെ കൃഷ്ണകുമാറും സുഹൃത്തും ചേർന്ന് പ്രേമയുടെ കൃഷിയിടത്തിലെത്തി കൃഷി വെട്ടി നിരത്തുകയായിരുന്നു. ഇത് തടയാൻ ചെന്നപ്പോഴാണ് പ്രേമയെയും ആക്രമിച്ചത്. പ്രേമയുടെ കാലിന് രണ്ട് പൊട്ടലുണ്ട്. പൊലീസ് എത്തിയിട്ടായിരുന്നു ഇവരെ രക്ഷപ്പെടുത്തിയത്. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായും പരാതിയിലുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇരു കൂട്ടർക്കെതിരെയും പൊലീസ് കേസെടുത്തു.
