സംസ്ഥാനത്ത് ഷെയ്ഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ നാമധേയത്തില്‍ അറബി ഭാഷ സാംസ്‌കാരിക പഠന കേന്ദ്രം; മന്ത്രി ബിന്ദു

തിരുവനന്തപുരം: പൊന്നാനി ആസ്ഥാനമായി ഷെയ്ഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ നാമധേയത്തില്‍ അറബി ഭാഷ സാംസ്‌കാരിക പഠന കേന്ദ്രം ആരംഭിക്കാനൊരുങ്ങുകയാണ് ഉന്നതവിദ്യാഭ്യാസ വകുപ്പെന്ന് മന്ത്രി ആര്‍ ബിന്ദു. കേരള സര്‍വ്വകലാശാല അറബി വിഭാഗം സംഘടിപ്പിച്ച രാജ്യാന്തര കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.  

കേരളത്തെക്കുറിച്ചുള്ള ആധികാരിക ചരിത്രരചനക്ക് തുടക്കം കുറിക്കുകയും നിരവധി അധിനിവേശവിരുദ്ധ കൃതികള്‍ രചിക്കുകയും ചെയ്ത ഷെയ്ഖ് സൈനുദ്ദീന്‍ മഖ്ദൂമിന് അര്‍ഹമായ ആദരവ് നല്‍കാനാണ് കേരള സര്‍ക്കാരിന്റെ തീരുമാനം. മധ്യ കാലഘട്ടത്തിലെ അറിവിന്റെയും ശാസ്ത്രത്തിന്റെയും വളര്‍ച്ചയില്‍ നിസ്തുല പങ്കുള്ള അറബിഭാഷയോട് സംഘപരിവാര്‍ സംഘടനകളും കേന്ദ്ര സര്‍ക്കാരും കാണിക്കുന്ന നിഷേധ സമീപനത്തിലെ അനൗചിത്യവും പ്രഭാഷണത്തില്‍ തുറന്നുകാട്ടിയെന്ന് മന്ത്രി പറഞ്ഞു. വിവിധ സെഷനുകളിലായി നടന്ന സെമിനാറില്‍ സൗദി അറേബ്യ, ഒമാന്‍, ലിബിയ, തുനീഷ്യ, അള്‍ജീരിയ, കെനിയ, ഈജിപ്ത്, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലെ സര്‍വ്വകലാശാലകളെ പ്രതിനിധീകരിച്ചു അധ്യാപകര്‍, സാഹിത്യകാരന്മാര്‍, ഭാഷവിദഗ്ധര്‍ എന്നിവരാണ് പങ്കുകൊണ്ടതെന്ന് മന്ത്രി ബിന്ദു അറിയിച്ചു

നാലുവര്‍ഷ ബിരുദ കോഴ്‌സുകള്‍; പരിശീലനപരിപാടി

അടുത്ത വര്‍ഷം മുതല്‍ നാലുവര്‍ഷ ബിരുദ കോഴ്‌സുകള്‍ ആരംഭിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പരിശീലന പരിപാടി ഒരുക്കിയെന്ന് മന്ത്രി ബിന്ദു. കോളേജുതലത്തില്‍ നടപ്പിലാക്കേണ്ടി വരുന്ന മാറ്റങ്ങളെക്കുറിച്ച് സര്‍ക്കാര്‍ കോളേജുകളില്‍ പുതുതായി നിയമനം ലഭിച്ച പ്രിന്‍സിപ്പല്‍മാര്‍ക്ക് പരിശീലനപരിപാടി ഒരുക്കി ആവശ്യമായ വിശദീകരണം നല്‍കി. സര്‍ക്കാര്‍ കോളേജുകളിലെ സൗകര്യവര്‍ദ്ധനവിനും മറ്റു വികസനത്തിനും ഉതകുംവിധം പ്രിന്‍സിപ്പല്‍മാര്‍ ചുമതലകള്‍ എങ്ങനെയാണ് നിര്‍വ്വഹിക്കേണ്ടത് എന്നതിനെപ്പറ്റി പങ്കെടുത്തവര്‍ക്കിടയില്‍ വ്യക്തത വരുത്തിയെന്നും മന്ത്രി അറിയിച്ചു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: