മാധ്യമ പ്രവർത്തക ജീൻ കരോളിനെ ലൈംഗീകമായി പീഡിപ്പിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തു എന്ന കേസിൽ മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് പിഴശിക്ഷ. ജീൻ കരോളിന് 83.3 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകണമെന്നാണ് വിധി. മൂന്ന് മണിക്കൂറിലധികം നീണ്ടവാദത്തിനൊടുവിലാണ് ജൂറി ട്രംപിനെതിരെ വിധി പ്രസ്താവിച്ചത്. കേസ് പരിഗണിച്ച ആദ്യഘട്ടത്തിൽ ട്രംപ് കോടതിയിൽ എത്തിയിരുന്നു. എന്നാൽ വിധി പ്രസ്താവിക്കുന്നതിന് മുമ്പ് ട്രംപ് കോടതി മുറിയിൽ നിന്ന് പുറത്ത് പോയി.
പിഴശിക്ഷയിൽ 18 ദശലക്ഷം ഡോളർ നഷ്ടപരിഹാരമായും 65 ദശലക്ഷം ഡോളർ ശിക്ഷാ തുകയായും ആണ് നൽകേണ്ടത്. അന്തസ് കളങ്കപ്പെടുത്തിയതിന് 11 ദശലക്ഷം ഡോളറും മാനസിക ആഘാതത്തിന് 7.3 ഡോളറും പിഴയായി നൽകണം. അവകാശങ്ങൾ ലംഘിച്ചതിന് 65 ദശലക്ഷം ഡോളറാണ് ട്രംപ് പിഴയായി നൽകേണ്ടത്. കരോളിൻ ആവശ്യപ്പെട്ടതിന്റെ എട്ടിരട്ടി തുകയാണ് കോടതി ട്രംപിന് ശിക്ഷയായി വിധിച്ചിരിക്കുന്നത്. വിധിയെ പരിഹാസ്യം എന്ന് വിശേഷിപ്പിച്ച ട്രംപ് വിധിക്കെതിരെ അപ്പീൽ നൽകുമെന്നും വ്യക്തമാക്കി.
