തിരുവനന്തപുരം: എസ്എഫ്ഐ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ റോഡിലിറങ്ങിയ ഗവർണറുടെ പ്രതിഷേധം ഒരു മണിക്കൂർ പിന്നിടുന്നു. പ്രതിഷേധക്കാർ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് കാറിൽ നിന്നിറങ്ങിയ ഗവർണർ ഇപ്പോഴും റോഡരികിൽ തന്നെ ഇരിക്കുന്നത് തുടരുകയാണ്. മുഖ്യമന്ത്രി പോയാൽ ഇങ്ങനെയാണോ സുരക്ഷ ഒരുക്കുന്നതെന്നും ഗവർണർ ചോദിച്ചു.
പ്രവർത്തകർക്കു നേരെ ഗവർണർ ക്ഷുഭിതനായി നടന്നെത്തി. പൊലീസിനെ രൂക്ഷമായി ശകാരിക്കുകയും ചെയ്തു. വാഹനത്തിൽ തിരിച്ചുകയറാൻ കൂട്ടാക്കാതെ ഗവർണർ ഏറെനേരമായി റോഡിനു സമീപത്തെ ചായക്കടയുടെ മുന്നിലിരുന്ന് പ്രതിഷേധിക്കുകയാണ്. കരിങ്കൊടി കാണിക്കുന്നു എന്നറിഞ്ഞിട്ടും എന്തുകൊണ്ട് ഇവരെ കരുതൽ കസ്റ്റഡിയിൽ എടുത്തില്ല എന്ന് പൊലീസിനോട് ചോദിച്ചു കൊണ്ടാണ് ഗവർണറുടെ അസാധാരണമായ നീക്കം. 12 പ്രവർത്തകരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചെങ്കിലും അമ്പതിലധികം പേരുണ്ടായിരുന്നു എന്നായിരുന്നു ഗവർണറുടെ മറുപടി.
അതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രിയുെടെ സെക്രട്ടറിയെ വിളിച്ച് പരാതിപ്പെട്ട ഗവർണർ പ്രധാനമന്ത്രിയെ വിളിക്കാനും ആവശ്യപ്പെട്ടു. വാഹനത്തിൽ കയറാൻ കൂട്ടാക്കാതെ റോഡിൽ തന്നെ തുടർന്നാണ് ഗവർണർ പ്രതിഷേധിക്കുന്നത്. പൊലീസിനോടും ഗവർണർ ക്ഷുഭിതനായി. പൊലീസ് സ്വയം നിയമം ലംഘിക്കുന്നുവെന്നും ഗവർണർ പൊലീസിനെ ശകാരിച്ചു. അൻപതോളം പ്രവർത്തകരുണ്ടായിരുന്നെന്ന് ഗവർണർ വ്യക്തമാക്കി. വരൂ എന്ന് പറഞ്ഞാണ് ഗവർണർ പ്രതിഷേധക്കാരുടെ ഇടയിലേക്ക് ഇറങ്ങിചെന്നത്. 12 ലധികം പേരെ അറസ്റ്റ് ചെയ്ത് നീക്കിയെന്ന് പൊലീസ് വ്യക്തമാക്കി.
