തളിപ്പറമ്പ് : എട്ടര വയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ ദമ്പതികൾക്ക് തടവും പിഴയും. രാമന്തളി കുന്നരു കാരന്താട്ടെ പട്ടുവത്ത് നടുവിലെ പുരയിൽ പി.വി.നാരായണൻ (60), ഭാര്യ കൊട്ടയാട്ടി പുതിയപുരയിൽ കെ.പി.സുശീല (48) എന്നിവരെയാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി ആർ.രാജേഷ് ശിക്ഷിച്ചത്. 4 വകുപ്പുകളിലായി 16 വർഷം തടവും ഒരു ലക്ഷം രൂപയുമാണ് നാരായണൻ്റെ ശിക്ഷ. ഭർത്താവിൻ്റെ കുറ്റം അറിഞ്ഞിട്ടും മൂടി വെച്ചതിനാണ് ഭാര്യ സുശീലക്ക് 6 മാസം തടവും 25,000 രൂപയും ശിക്ഷ വിധിച്ചത്. 2020 സപ്തംബർ 15 നായിരുന്നു സംഭവം. അന്നത്തെ പയ്യന്നൂർ എസ് ഐമാരായ എം.വി.ശരണ്യ, എം.ബി.മുഹമ്മദ് ഷറഫുദീൻ എന്നിവരാണ് കേസന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ.ഷെറിമോൾ ജോസ് ഹാജരായി.
