ന്യൂഡല്‍ഹി: ഐ.സി.സി.യുടെ ടെസ്റ്റ് ക്രിക്കറ്റ് ബൗളിങ് റാങ്കിങ്ങില്‍ ഒന്നാമതെത്തി ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറ. ഇന്ത്യൻ താരം രവിചന്ദ്രന്‍ അശ്വിനെ മറികടന്നാണ് ബുംറ ഈ നേട്ടം സ്വന്തമാക്കിയത്. ടെസ്റ്റ് ബൗളിങ് റാങ്കിങ്ങില്‍ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യന്‍ പേസര്‍ പ്രത്യേകതയും ഇതിനുണ്ട്.
ബുംറ ഇതാദ്യമായാണ് ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതെത്തുന്നത്. നേരത്തേ രവിചന്ദ്രന്‍ അശ്വിന്, രവീന്ദ്ര ജഡേജ, ബിഷന്‍ സിങ് ബേദി എന്നിവര്‍ റാങ്കിങ്ങില്‍ ഒന്നാമതെത്തിയിരുന്നു. ഈ ഗണത്തിലേക്ക് ബുംറ കൂടി ഉള്‍പ്പെട്ടിരിക്കുകയാണിപ്പോള്‍. ഇംഗ്ലണ്ടിനെതിരേ വിശാഖപട്ടണത്തു നടന്ന രണ്ടാം ടെസ്റ്റില്‍ രണ്ട് ഇന്നിങ്സുകളിലുമായി 91 റണ്‍സ് വിട്ടുനല്‍കി ബുംറ ഒന്‍പത് വിക്കറ്റുകള്‍ നേടിയിരുന്നു. കളിയില്‍ ഇന്ത്യ ജയിച്ച് അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ടിനൊപ്പമെത്തി (1-1).
മൂന്നാംസ്ഥാനമാണ് ബുംറയുടെ ഇതിനു മുന്‍പത്തെ ഏറ്റവും മികച്ച ടെസ്റ്റ് റാങ്കിങ്. വിശാഖപട്ടണം ടെസ്റ്റില്‍ അശ്വിന് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ഇതോടെ അശ്വിന്റെ റാങ്കിങ് രണ്ട് സ്ഥാനങ്ങള്‍ താഴ്ന്ന് മൂന്നാമതായി. ബുംറ നേരത്തേ ഏകദിന റാങ്കിങ്ങിലും ടി 20 റാങ്കിങ്ങിലും പല അവസരങ്ങളിലായി ഒന്നാമതെത്തിയിട്ടുണ്ട്.
