എന്തൊക്കെ തടസമുണ്ടായാലും ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഒരടി പിന്നോട്ടില്ല: മന്ത്രി മുഹമ്മദ് റിയാസ്



വട്ടപ്പാറ :സാമ്പത്തിക പ്രതിസന്ധിയടക്കമുള്ള എന്തൊക്കെ തടസമുണ്ടായാലും ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒരടി പോലും പിന്നോട്ടുപോകില്ലെന്ന് പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.ആധുനിക രീതിയില്‍ നവീകരിച്ച കല്ലയം – ശീമമുളമുക്ക് റോഡിന്റെ ഒന്നാം ഘട്ട പൂര്‍ത്തീകരണത്തിന്റെയും രണ്ടാം ഘട്ട നിര്‍മാണത്തിന്റെയും കരകുളം – മുല്ലശേരി റോഡിന്റെ നവീകരണത്തിന്റെയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നെടുമങ്ങാട് നിയോജക മണ്ഡലത്തില്‍ രണ്ടര വര്‍ഷത്തിനിടെ 28 കിലോമീറ്റര്‍ റോഡ് ബി.എം & ബി.സി നിലവാരത്തില്‍ നവീകരിച്ചതായും മന്ത്രി പറഞ്ഞു. ആധുനിക നിലവാരത്തിലുള്ള റോഡുകള്‍ നിര്‍മിക്കുന്നതിന്റെ ഗുണം നാടിന് തന്നെ ലഭിക്കും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഔട്ടര്‍ റിംഗ് റോഡ് നിര്‍മാണം അടക്കമുള്ള നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കല്ലയം ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ അധ്യക്ഷനായിരുന്നു. കരകുളം – മുല്ലശേരി റോഡിന്റെ അടുത്ത ഘട്ട നവീകരണത്തിനായി 1.5 കോടി രൂപ സംസ്ഥാന ബഡ്ജറ്റില്‍ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 1044 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന വഴയില – പഴകുറ്റി റോഡ് യാഥാര്‍ത്ഥ്യമാകുന്നതോടെ നാടിന്റെ മുഖച്ഛായ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.ലേഖറാണി, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി, കരകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി.സുനില്‍ കുമാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: