തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ മുഖ്യമന്ത്രിക്ക് രൂക്ഷവിമർശനം. മുഖ്യമന്ത്രിക്ക് കത്തെഴുതി കത്തെഴുതി ഭക്ഷ്യമന്ത്രിയുടെ കൈ തെളിഞ്ഞെന്ന് സംസ്ഥാന കൗൺസില്‍ അംഗവും ഭക്ഷ്യമന്ത്രി ജി.ആർ. അനിലിന്റെ ഭാര്യയുമായ ആർ. ലതാദേവി പരിഹസിച്ചു. ആഡംബരത്തിനും ധൂർത്തിനും കുറവില്ലെന്നും വിമർശനം ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ കാലിത്തൊഴുത്തിനും പശുക്കൾക്ക് പാട്ടു കേൾക്കാനും കോടികൾ ചിലവിടുന്നെന്ന് വി.പി. ഉണ്ണികൃഷ്ണൻ വിമർശിച്ചു.
ആലോചനയില്ലാതെ തയാറാക്കിയ ബജറ്റാണിതെന്നും വീണ്ടും അധികാരത്തില്‍ വരാന്‍ സഹായിച്ച സപ്ലൈകോയെ തീര്‍ത്തും അവഗണിച്ചതായും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ബജറ്റ് തയാറാക്കുമ്പോള്‍ മുന്‍പൊക്കെ കൂടിയലോചന നടന്നിരുന്നു. എന്നാല്‍ ഇപ്പോഴതില്ല. പാര്‍ട്ടി വകുപ്പുകളോട് ഭിന്നനയമാണ്. വിമര്‍ശനം കടുത്തതോടെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇടപെട്ടു. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഒന്നും പുറത്ത് പോകരുതെന്ന് ബിനോയ് വിശ്വം മുന്നറിയിപ്പു നല്‍കി. പറയേണ്ട വേദികളില്‍ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അനാവശ്യ ചര്‍ച്ചയിലേക്ക് പോകരുതെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
വിദേശ സര്‍വകലാശാലക്ക് എതിരെയും വിമര്‍ശനം ഉണ്ടായി. വിദേശ സര്‍വകലാശാല വിഷയത്തില്‍ മുന്നണിയുടെ നയവ്യതിയാനമാണ് നടക്കുന്നത്. എതിര്‍ത്ത് ലേഖനം എഴുതിയവര്‍ ഇപ്പോള്‍ നടപ്പാക്കുന്നു. വിഷയം മുന്നണിയില്‍ ഉന്നയിക്കണമെന്നും ആവശ്യമുയര്‍ന്നു. വിദേശ സര്‍വകലാശാല നയ വ്യതിയാനം എന്ന് ബിനോയ് വിശ്വവും സമ്മതിച്ചു. മുന്നണിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി
