ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കല്യാണ തട്ടിപ്പിന് ഇരയായി ഐപിഎസ് ഉദ്യോഗസ്ഥ. പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ശ്രേഷ്ഠ താക്കൂര്‍ ആണ് തട്ടിപ്പിന് ഇരയായത്. ഐആര്‍എസ് ഓഫീസറെന്ന വ്യാജേനെ ആയിരുന്നു കബളിപ്പിച്ച് വിവാഹം കഴിച്ച ശേഷം ലക്ഷങ്ങള്‍ തട്ടിയെടുത്തത്. ഉത്തര്‍പ്രദേശിലെ ‘ലേഡി സിങ്കം’ എന്നറിയിപ്പെടുന്ന 2012 ബാച്ചിലെ ഐപിഎസ് ഓഫീസറാണ് ശ്രേഷ്ഠ താക്കൂര്‍.
2018ലാണ് മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട രോഹിത് രാജ് എന്നയാളെ ശ്രേഷ്ഠ വിവാഹം കഴിക്കുന്നത്. 2008 ബാച്ച് ഐആർഎസ് ഉദ്യോഗസ്ഥനാണെന്നും റാഞ്ചിയിലെ ഡെപ്യൂട്ടി കമ്മീണറാണ് താനെന്നുമാണ് രോഹിത് ശ്രേഷ്ഠയോട് പറഞ്ഞിരുന്നത്. കുടുംബം നടത്തിയ അന്വേഷണത്തില്‍ രോഹിത് എന്ന ഉദ്യോഗസ്ഥനുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ വിവാഹശേഷം രോഹിത് രാജ് എന്ന ഐആർഎസ് ഉദ്യോഗസ്ഥനല്ല തന്‍റെ ഭര്‍ത്താവെന്നും ആ പേരില്‍ കബളിപ്പിച്ചതാണെന്നും ശ്രേഷ്ഠ മനസിലാക്കി.
കാര്യത്തിൻ്റെ ഗൗരവം മനസ്സിലാക്കിയ വനിതാ ഡിഎസ്പി തന്‍റെ ദാമ്പത്യ ജീവിതം തകരാതിരിക്കാന്‍ ഇത് രഹസ്യമാക്കി വച്ചു. എന്നാല്‍ തന്‍റെ ഭര്‍ത്താവ് തന്‍റെ പേരില്‍ മറ്റുള്ളവരെ പറ്റിക്കാന്‍ തുടങ്ങിയതോടെ ശ്രേഷ്ഠ രണ്ടു വര്‍ഷത്തിനു ശേഷം രോഹിതില്‍ നിന്നും വിവാഹമോചനം നേടുകയും ചെയ്തു. ഇതുകൊണ്ടൊന്നും പ്രശ്നം അവസാനിച്ചില്ല. രോഹിത് തന്‍റെ കബളിപ്പിക്കല്‍ തുടര്‍ന്നുകൊണ്ടിരുന്നു. ഒടുവില്‍ ശ്രേഷ്ഠ രോഹിതിനെതിരെ ഗസിയാബാദ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടർന്ന് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും കേസിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു.

