കൊച്ചി: എറണാകുളത്തെ ബാറിലുണ്ടായ വെടിവയ്‌പ്പിലെ മൂന്ന് പ്രതികളെ പിടികൂടി. ഷമീർ, ദിൽഷൻ, വിജോയ് എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രിയുണ്ടായ വെടിവയ്പ്പിൽ മൂന്ന് ജീവനക്കാർക്ക് പരിക്കേറ്റിരുന്നു. വെടിവയ്പ്പുമായി ബന്ധപ്പെട്ട് റെന്‍റ് എ കാർ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടന്നത്. മൂവാറ്റുപുഴയിൽ നിന്നെടുത്ത റെന്റ് എ കാറിലാണ് ആക്രമി സംഘമെത്തിയത്. KL 51 B 2194 നമ്പരിലുള്ള കാർ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
രാത്രി ബാറിലെത്തിയ സംഘം മാനേജറുമായി തർക്കമുണ്ടാക്കുകയായിരുന്നു. മാനേജറെ ആക്രമിക്കുന്നത് തടയാനെത്തിയപ്പോഴാണ് ജീവനക്കാർക്ക് വെടിയേറ്റത്. സിജിന്‍, അഖില്‍ എന്നിവർക്കാണ് പരിക്കേറ്റത്. സിജിന്‍റെ വയറ്റിലും അഖിലിന്‍റെ കാലിനുമാണ് വെടിയേറ്റത്. എയർ പിസ്റ്റൾ ഉപയോഗിച്ചാണ് വെടിയുതിർത്തത്. വെടിയുതിർത്ത ശേഷം പ്രതികൾ കാറിൽ കയറി കടന്നുകളയുകയായിരുന്നു. കരുതിക്കൂട്ടിയുള്ള വധശ്രമം, ആയുധം കൈവശം വയ്ക്കല്‍ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്

