യാഥാര്‍ഥ്യമാക്കുന്നത് ജനങ്ങളുടെ ആവശ്യകതയ്ക്കനുസരിച്ചുള്ള വികസനം: മന്ത്രി ജി. ആര്‍ അനിൽ

അണ്ടൂർകോണം:ജനങ്ങളുടെ ആവശ്യകതയ്ക്കനുസരിച്ചുള്ള വികസന പ്രവര്‍ത്തനങ്ങളാണ് യാഥാര്‍ഥ്യമാക്കുന്നതെന്നും അതിനനുസരിച്ചാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍ അനില്‍. പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ അണ്ടൂര്‍ക്കോണം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിടത്തിന്റെയും നവീകരിച്ച ആശുപത്രി മന്ദിരത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ ജില്ലാ -താലൂക്ക് ആശുപത്രികള്‍ മികച്ച നിലവാരം പുലര്‍ത്തുന്നവയാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ ഒ.പിയില്‍ ദിവസേന 600 മുതല്‍ 1000 രോഗികള്‍ വരെ ചികിത്സ തേടി എത്താറുണ്ട്. ഏഴര വര്‍ഷക്കാലയളവില്‍ 5000 കോടി രൂപയാണ് വിദ്യാഭ്യാസ മേഖലയ്ക്ക് സര്‍ക്കാര്‍ ചെലവഴിച്ചതെന്നും മന്ത്രി പറഞ്ഞു.

എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ലഭിച്ച 50 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതി പ്രകാരം 30 ലക്ഷം രൂപ വിനിയോഗിച്ചാണ് ആശുപത്രി മന്ദിരം നവീകരിച്ചത്.

അണ്ടൂര്‍ക്കോണം സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ചേര്‍ന്ന ഉദ്ഘാടന യോഗത്തില്‍ പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ആര്‍. അനില്‍കുമാര്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ വിജയകുമാരി, ബ്ലോക്ക് അംഗം ഷിബില സക്കീര്‍, അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജിദ ബീവി, അണ്ടൂര്‍ക്കോണം സി.എച്ച്. സി മെഡിക്കല്‍ ഓഫീസര്‍ ഡോ. എലിസബത്ത് ചീരന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: