രാജ്യത്ത് ഏറ്റവുമധികം സൗജന്യ ചികിത്സ നൽകുന്നത് കേരളം: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം:രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനം കേരളമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കഴിഞ്ഞവർഷം മാത്രം 1658 കോടി രൂപയാണ് സൗജന്യ ചികിത്സയ്ക്കായി സർക്കാർ ചെലവഴിച്ചതെന്നും മന്ത്രി പറഞ്ഞു. നേമം താലൂക്ക് ആശുപത്രിയില്‍ നിര്‍മ്മിക്കുന്ന പുതിയ ബ്ലോക്കിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. രോഗത്തിന്റെ മുന്നിൽ ഒരാളും നിസഹായരാവരുത് എന്ന നയത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ സൗജന്യ ചികിത്സ ഉറപ്പാക്കുന്നത്. അതിനായി പരമാവധി സൗകര്യങ്ങൾ സർക്കാർ ആശുപത്രിയിൽ ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ആർദ്രം മിഷനിലൂടെ മുഴുവൻ താലൂക്ക് ആശുപത്രികളെയും സ്പെഷ്യാലിറ്റി കേന്ദ്രങ്ങൾ ആക്കി മാറ്റുകയാണ്. ഏഴര വർഷക്കാലം മുൻപ് മെഡിക്കൽ കോളേജിൽ മാത്രം ലഭ്യമായിരുന്ന ഹൃദയ, കരൾ, വൃക്ക ചികിത്സകൾ ഇപ്പോൾ ജില്ലാ ആശുപത്രികളിൽ ലഭ്യമാണെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ മേഖലയിൽ ലക്ഷങ്ങൾ ചെലവാകുന്ന ചികിത്സയാണ് സർക്കാർ ആശുപത്രികളിൽ സൗജന്യമോ മിതമായ നിരക്കിലോ നൽകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇരുപത്തി രണ്ട് കോടി രൂപ ചെലവിലാണ് പുതിയ ബ്ലോക്കിന്റെ നിര്‍മാണം. ശാന്തിവിളയിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനായി. നേമം മണ്ഡലം വികസനക്കുതിപ്പിന്റെ പാതയിലാണെന്ന് അദ്ദേഹം പറഞ്ഞു. മേയർ ആര്യ രാജേന്ദ്രൻ, വിവിധ തദ്ദേശഭരണ പ്രതിനിധികൾ, ആരോഗ്യ വകുപ്പ് ഡയറക്ടർ റീന കെ ജെ, മറ്റ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: