തിരുവനന്തപുരം: യുഡിഎഫ് ഭരിക്കുന്ന പെരിങ്ങമ്മല പഞ്ചായത്തിലെ പ്രസിഡന്റും അംഗങ്ങളും ഉൾപ്പെടെയുള്ളവർ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് സിപിഐ എമ്മിനൊപ്പം ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റും ഡിസിസി അംഗവുമായ ഷിനു മടത്തറ, പഞ്ചായത്തംഗങ്ങളായ കലയപുരം അൻസാരി, എം ഷഹനാസ് എന്നിവരാണ് സിപിഐ എമ്മിനൊപ്പം ചേർന്നത്.
മൂന്നുപേരും തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങൾ രാജിവച്ചശേഷം സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ കാട്ടായിക്കോണം വി ശ്രീധർ സ്‌മാരകത്തിലെത്തി. ജില്ലാ സെക്രട്ടറി വി ജോയിയുടെ നേതൃത്വത്തിൽ ഇവരെ സ്വീകരിച്ചു. സിപിഐ എമ്മിനൊപ്പം ചേർന്ന കോൺഗ്രസ് ബ്ലോക്ക് ഭാരവാഹി ഷാനു ഇലവുപാലത്തിനെയും ജില്ലാ സെക്രട്ടറി സ്വീകരിച്ചു.
ദേശീയ തലത്തിലും കേരളത്തിലും കോൺഗ്രസിന്റെ പ്രസക്‌തി നഷ്ടപ്പെട്ടതായും ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാൻ സിപിഐ എമ്മിനും ഇടതുപക്ഷത്തിനും മാത്രമേ കഴിയൂ എന്ന് തിരിച്ചറിഞ്ഞുമാണ് തീരുമാനമെടുത്തതതെന്ന് നാലുപേരും പറഞ്ഞു. സ്ഥാനമാനങ്ങൾ മോഹിച്ചല്ല സിപിഐ എമ്മിനൊപ്പമെത്തിയതെന്ന് ഷിനു മടത്തറ പറഞ്ഞു. ഉണ്ടായിരുന്ന സ്ഥാനങ്ങൾ രാജിവച്ചശേഷമാണ് സിപിഐ എമ്മിൽ ചേരുന്നത്.
ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ഡി കെ മുരളി എംഎൽഎ, കെ എസ് സുനിൽകുമാർ, ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി വി കെ മധു, വിതുര എരിയാ സെക്രട്ടറി എൻ ഷൗക്കത്തലി എന്നിവരും പങ്കെടുത്തു

